കൊച്ചി
ഒടുവിൽ അഞ്ജു ബോബി ജോർജ് ആ രഹസ്യം വെളിപ്പെടുത്തി. ഇത്രകാലം ജീവിച്ചത് ഒറ്റ വൃക്കയുമായാണ്. രാജ്യന്തര മത്സരങ്ങളിൽനിന്നു വിടവാങ്ങി വർഷങ്ങൾക്കുശേഷമാണ് നാൽപ്പത്തിമൂന്നാം വയസ്സിൽ ട്വിറ്ററിലൂടെ ഈ വെളിപ്പെടുത്തൽ.
‘ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരുകാര്യം പറയട്ടെ. ജന്മനാ എനിക്ക് ഒറ്റ വൃക്കയേയുള്ളൂ. രാജ്യാന്തര മത്സരങ്ങളിൽ നേട്ടമുണ്ടാക്കുന്നതിന് ഇത് തടസ്സമായില്ല. പരിക്കുള്ളപ്പോൾ വേദനസംഹാരി ഉപയോഗിക്കുക പ്രയാസമായിരുന്നു. കടുത്ത അസ്വസ്ഥതയും അലർജിയുമുണ്ടാകും. എല്ലാം അതിജീവിച്ചാണ് നേടിയതെല്ലാം. അതിനെ പരിശീലകന്റെ മാജിക്കെന്നോ നേട്ടമെന്നോ വിശേഷപ്പിക്കാം’.
2003ലെ പാരിസ് ലോക മീറ്റിൽ ലോങ്മ്പിൽ വെങ്കലം നേടിയ അഞ്ജു 2005ലെ ലോക അത്‌ലറ്റിക്സ് ഫൈനലിൽ സ്വർണം നേടി. ലോങ്ജമ്പ് ദേശീയ റെക്കോഡ് ഇപ്പോഴും സ്വന്തം പേരിൽ. 2004, 2008 ഒളിമ്പിക്സിൽ പങ്കെടുത്തു. ഭർത്താവ് റോബർട്ട് ബോബി ജോർജായിരുന്നു പരിശീലകൻ. കസ്റ്റംസ് ഉദ്യോഗസ്ഥയാണ്. ഇപ്പോൾ ബംഗളൂരുവിൽ അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനുമായി പ്രവർത്തിക്കുന്നു.
നാലുപേർ മാത്രമറിഞ്ഞ രഹസ്യം
ഒറ്റ വൃക്കയുടെ കാര്യം നാല് പേർ മാത്രമാണ് അറിഞ്ഞിരുന്നതെന്ന് അഞ്ജു ബോബി ജോർജ് പറഞ്ഞു. അച്ഛനും അമ്മയും പിന്നെ ഭർത്താവ് ബോബിയും. ഇരുപത്തിമൂന്നാം വയസ്സിലാണ് സംഭവം അറിയുന്നത്. വല്ലാത്തൊരു ഷോക്കായി. അന്ന് പുറത്തുപറയാൻ തോന്നിയില്ല. ഇപ്പോൾ പറയാവുന്ന മാനസികാവസ്ഥയായി. ഈ തുറന്നു പറച്ചിൽ അവയവദാനത്തിനൊക്കെ പ്രചോദനമായാൽ നന്നായി . ഒരിക്കൽ വേദനസംഹാരി കഴിച്ചപ്പോൾ ബോധംപോയി. തുടർന്നു നടത്തിയ പരിശോധനയിലാണ് നടുക്കുന്ന സത്യം മനസ്സിലായത്. ആദ്യം ഞെട്ടിപ്പോയി. എന്നാൽ, ഭർത്താവും ഡോക്ടറുമെല്ലാം സമാധാനിപ്പിച്ചു. അവർ നൽകിയ ധൈര്യത്തിലാണ് പിന്നീടുണ്ടായ നേട്ടങ്ങൾ.
വേദനസംഹാരി കഴിക്കാൻ പറ്റാത്തതാണ് പ്രധാന പ്രശ്നം. അത് ശരീരത്തിൽ പല അസ്വസ്ഥതകളുമുണ്ടാക്കും. ഭക്ഷണക്രമത്തിൽ നല്ല ശ്രദ്ധയുണ്ടായിരുന്നു. ഇപ്പോൾ ഒരു മരുന്നുമില്ല. സന്തോഷകരമായ ജീവിതം–അഞ്ജു പറഞ്ഞു.
റീനൽ അജെനിസിസ്
ജന്മനാ ഒറ്റ വൃക്കമാത്രമുള്ള അവസ്ഥയാണിത്. ഇത് ഒരു രോഗമല്ല. ജീവിക്കാൻ ഒറ്റ വൃക്ക മതി. സാധാരണനിലയിൽ ശാരീരിക പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല. സ്കാൻ ചെയ്താൽ മാത്രമേ അറിയാനാകൂ. സാധാരണ ജീവിതം നയിക്കാം. ചിട്ടയായ ജീവിതശൈലി പിന്തുടരണം. ഭക്ഷണത്തിൽ ശ്രദ്ധ വേണം.
ഡോ. എസ് വിനു ഗോപാൽ
നെഫ്രോളജിസ്റ്റ് , മെയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..