സ്വന്തം ലേഖകൻ
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രത്തിൽ ഒപ്പമുള്ള ഏലംകുളം പഞ്ചായത്തിലെ വെൽഫയർ പാർടി സ്ഥാനാർഥിയുടെ വോട്ടുപിടിത്തവും യുഡിഎഫിനൊപ്പം. ഫോട്ടോയെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊരു സംഭവം അറിയില്ലെന്നും കോൺഗ്രസിന് ആ സ്ഥാനാർഥിയുമായി ബന്ധമുണ്ടാകില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
വെൽഫെയർ പാർടി സ്ഥാനാർഥിക്ക് കോൺഗ്രസ് പ്രവർത്തകർ പിന്തുണ കൊടുക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. എന്നാൽ അതിനുശേഷവും ഇവരുടെ പ്രചാരണം ഒന്നിച്ചാണ്. കഴിഞ്ഞദിവസം ജില്ലാ പഞ്ചായത്ത് ഏലംകുളം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ യോഗങ്ങളിൽ ഏലംകുളം പഞ്ചായത്ത് ഒമ്പതാം വാർഡിൽ മത്സരിക്കുന്ന ജമാഅത്തെ ഇസ്ലാമി പ്രവർത്തക സൽമ കുന്നക്കാവ് ഒപ്പമുണ്ടായിരുന്നു. പ്രചാരണത്തിന്റെ ചിത്രം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി കെ ടി അഷ്‌റഫ് ഫേസ്‌ബുക്കിലുമിട്ടു.
ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകയാണ് സൽമ. ഭർത്താവും ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ. യുഡിഎഫ് ധാരണയനുസരിച്ചാണ് സീറ്റ് വെൽഫെയറിന് വിട്ടുനൽകിയത്. രാഹുൽഗാന്ധിയുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും വെൽഫയർ പാർടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെയും ചിത്രങ്ങളുള്ള ബോർഡുകളുമായാണ് ഏലംകുളം ഒമ്പതാം വാർഡിലെ പ്രചാരണം. വീടുകയറ്റവും ഒന്നിച്ചാണ്. കോൺഗ്രസ് പഞ്ചായത്ത് ഭാരവാഹികൾ മാലയിട്ട് സ്വീകരിക്കുന്ന ചിത്രവും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
വെൽഫെയർ പാർടി ബന്ധം: ചർച്ചയില്ലെന്ന് മുല്ലപ്പള്ളി
വെൽഫെയർ പാർടിയെക്കുറിച്ച് കെപിസിസി നിലപാട് വ്യക്തമാക്കിയതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേപ്പറ്റി കോൺഗ്രസ് നിലപാടും വ്യക്തമാക്കി. എഐസിസി ജനറൽ സെക്രട്ടറിമാരായ താരീഖ് അൻവറും കെ സി വേണുഗോപാലും കാര്യം വിശദമാക്കി. ഇനി അതേപ്പറ്റി ചർച്ചയില്ല–- വെൽഫെയർ പാർടിയുമായി സഖ്യമുണ്ടെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ പ്രതികരണത്തോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുല്ലപ്പള്ളി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..