പത്തനംതിട്ട
ശബരിമല സന്നിധാനത്ത് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഊർജിതം. ദർശനത്തിനെത്തുന്നവരും ജീവനക്കാരും കൂടുതൽ കടന്നുപോകുന്ന ഭാഗങ്ങൾ ദിവസം മൂന്ന് തവണ അണുവിമുക്തമാക്കും. ആവശ്യമുള്ളവർക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് ആരോഗ്യവകുപ്പും പൊലീസും കർശന നിർദേശങ്ങളും നൽകുന്നു.
അയ്യപ്പസേവാ സംഘം, വിശുദ്ധിസേന എന്നിവയുടെ നേതൃത്വത്തിലാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. തിരുമുറ്റം, മാളികപ്പുറം, വലിയ നടപന്തൽ തുടങ്ങിയ ഇടങ്ങളിലെ കൈവരികൾ, പതിനെട്ടാം പടി, അരവണ കൗണ്ടർ, അന്നദാന മണ്ഡപം തുടങ്ങി ഒരുദിവസം ഏറ്റവും കൂടുതൽ പേർ കടന്നുപോകുന്ന ഭാഗങ്ങൾ അടക്കമാണ് അണുവിമുക്തമാക്കുന്നത്.
ജില്ലാ ഭരണത്തിന്റെ നേതൃത്വത്തിലുള്ള വിശുദ്ധിസേന പ്രവർത്തകർ അണുനാശിനി തുണിയിൽ മുക്കി തുടച്ചും അയ്യപ്പസേവാ സംഘം പ്രവർത്തകർ സ്പ്രേയർ ഉപയോഗിച്ചുമാണ് കൈവരികൾ അണുനശീകരണം നടത്തുന്നത്. പുണ്യം പൂങ്കാവനം പദ്ധതിയുടെയും ഹരിഹരപുത്ര ധർമപരിപാലന സമാജത്തിന്റെയും നേതൃത്വത്തിലാണ് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യുന്നത്. സമാജത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് ചുക്കുകാപ്പി വിതരണവുമുണ്ട്. മാലിന്യത്തിന്റെ അളവിൽ കുറവുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഏറെ സൂക്ഷ്മതയോടെയാണ് മാലിന്യങ്ങൾ നീക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..