പാരിസ്
‘മെസിക്കൊപ്പം ഒരിക്കൽക്കൂടി പന്ത് തട്ടുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. കളത്തിൽ മെസിയുമൊന്നിച്ചുള്ള കളി ഇനിയും ആസ്വദിക്കണം’–- നെയ്‌മറുടെ ഈ വാക്കുകളാണ് യൂറോപ്യൻ ഫുട്‌ബോളിൽ ഇപ്പോൾ ചർച്ചാവിഷയം. നെയ്‌മർ ബാഴ്‌സയിലേക്കോ മെസി പിഎസ്‌ജിയിലേക്കോ എന്നതിൽ മാത്രമായിരുന്നു അവ്യക്തത. എന്നാൽ, ഫ്രഞ്ച് മാധ്യമങ്ങൾ മെസിയുടെ പിഎസ്‌ജിയിലേക്കുള്ള വരവാണ് പ്രവചിക്കുന്നത്.
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡുമായുള്ള മത്സരത്തിനുശേഷമായിരുന്നു നെയ്‌മറുടെ പ്രതികരണം.
‘മെസിക്ക് എവിടെയും കളിക്കാം. എന്റെ സ്ഥാനത്ത് കളിക്കാം. ഒരു പ്രശ്‌നവും അതിലില്ല. എന്തായാലും അടുത്തവർഷം ഞങ്ങൾ ഒന്നിച്ചുകളിക്കും. അതുറപ്പ്. അടുത്ത സീസണിൽ സംഭവിക്കും–- നെയ്‌മർ പറഞ്ഞു. മെസിയെ അടുത്ത സീസണിൽ വിൽക്കാൻ തയ്യാറാണെന്നുള്ള ബാഴ്‌സ ഇടക്കാല പ്രസിഡന്റ് കാർലോസ് ടസ്‌ക്വെറ്റ്‌സിന്റെ പ്രതികരണം വന്ന സാഹചര്യത്തിൽ കൂടിയാണ് നെയ്‌മറുടെ രംഗപ്രവേശം. അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന മെസിക്ക് സ്വതന്ത്രമായിത്തന്നെ ബാഴ്‌സ വിടാൻ കഴിയും. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്‌റ്റർ സിറ്റി ഈ മുപ്പത്തിമൂന്നുകാരനുവേണ്ടി സജീവമായി രംഗത്തുണ്ട്.
നെയ്‌മറെ ബാഴ്‌സയിലേക്ക് തിരികെ കൊണ്ടുവരണമെന്നായിരുന്നു മെസി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ക്ലബ് മാനേജ്‌മെന്റും മെസിയും തമ്മിലുള്ള നീരസത്തിന് പ്രധാന കാരണവും ഇതായിരുന്നു. 2017ലാണ് നെയ്‌മർ ബാഴ്‌സ വിട്ട് പിഎസ്‌ജിയിൽ ചേർന്നത്. എന്നാൽ, പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ ബ്രസീലുകാരന് കഴിഞ്ഞില്ല. അടുത്ത സീസണിൽ മെസിയെ എത്തിച്ചാൽ മാത്രമേ കരാർ പുതുക്കുകയുള്ളൂ എന്നാണ് പിഎസ്‌ജിക്ക് നെയ്‌മർ നൽകുന്ന മുന്നറിയിപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..