കറാക്കസ്
വെനസ്വേലൻ പാർലമെന്റായ ദേശീയ അസംബ്ലിയിലേക്ക് ഞായറാഴ്‌ച തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷത്തെ ഒരുവിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണ്. പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ പാശ്ചാത്യ രാജ്യങ്ങളുമായി ഒത്തുകളിക്കുന്ന വിഭാഗമാണ് ബഹിഷ്‌കരിക്കുന്നത്. ഇവരെ അനുകൂലിക്കുന്ന യൂറോപ്യൻ യൂണിയൻ വെനസ്വേല സർക്കാർ ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് നിരീക്ഷകരെ അയച്ചിട്ടില്ല.
ദേശീയ അസംബ്ലിയിലെ 277 സീറ്റിലേക്ക് 14,400 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 107 പാർടിയും നിരവധി സ്വതന്ത്രരും മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണം വ്യാഴാഴ്‌ച സമാപിച്ചു. നിലവിലെ പാർലമെന്റിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.
2018ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രതിപക്ഷ നേതാവ് ഹുവാൻ ഗുവായ്‌ദോയാണ് ഇവരുടെ നേതാവ്. പ്രസിഡന്റ് തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാതെ ഗുവായ്‌ദോ പാർലമെന്റ് തലവൻ എന്നനിലയിൽ അമേരിക്കൻ ചേരിയുടെ പിന്തുണയോടെ സമാന്തര സർക്കാരായി പ്രവർത്തിക്കുകയാണ്.
നിലവിലെ പാർലമെന്റിന്റെ കാലാവധി ജനുവരി അഞ്ചിന് അവസാനിച്ചാലും അംഗത്വത്തിൽ തുടരുന്നതായി പ്രഖ്യാപിച്ച് സംഘർഷമുണ്ടാക്കാനാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന വിഭാഗത്തിന്റെ നീക്കം. എന്നാൽ, യൂറോപ്യൻ യൂണിയൻ യഥാർഥത്തിൽ സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെങ്കിൽ വെനസ്വേലയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് സമാധാന നൊബേൽ പുരസ്‌കാര ജേതാവ് അഡോൾഫോ പെരെസ് എസ്‌ക്വിവെൽ, ബ്രിട്ടീഷ് സംഗീതജ്ഞൻ റോജർ വാട്ടേഴ്‌സ്, ബ്രസീലിയൻ ദൈവശാസ്‌ത്രജ്ഞൻ ഫ്രെയ് ബെറ്റൊ, ഫ്രെഞ്ച് പാർലമെന്റംഗം ജോൺലൂക് മിനോഷു, ഇക്വഡോർ മുൻ പ്രസിഡന്റ് റാഫേൽ കൊറീയ തുടങ്ങി നൂറോളം രാഷ്‌ട്രീയ–-സാമൂഹ്യ–- സാംസ്‌കാരിക പ്രവർത്തകർ ഇയു വിദേശകാര്യ തലവൻ ജോസിഫ് ബോറെലിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..