കൊച്ചി > പ്രത്യേക പോസ്റ്റൽ വോട്ടിങ്ങിനിറങ്ങിയ ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ഒരേസമയം കൗതുകവും ആശങ്കയും. വോട്ടർമാരുടെ സമ്മതിദാനാവകാശം നടപ്പാക്കുന്നതിനൊപ്പം രോഗം പിടിപെടാതെ നോക്കണം. എന്നാൽ, ആശങ്കകൾ മാറ്റിവച്ച് ആത്മവിശ്വാസത്തോടെയാണ് ഉദ്യോഗസ്ഥർ തങ്ങളുടെ കടമ നിർവഹിക്കുന്നത്.
സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയും സാമൂഹിക അകലം പാലിച്ചും കോവിഡ് കാലത്തെ പോസ്റ്റൽ വോട്ടിങ് വിജയകരമായി നടപ്പാക്കുകയാണ് ജില്ലയിൽ. ആദ്യലിസ്റ്റിൽ 9361 പേരാണുള്ളത്. ഇതിൽ 3622 പേർ കോവിഡ് സ്ഥിരീകരിച്ചവരും 5739 പേർ നിരീക്ഷണത്തിലുള്ളവരുമാണ്.
സുരക്ഷയുടെ ഭാഗമായി പ്രത്യേകമായി തിരിച്ച ഡബിൾ ചേംബർ വാഹനമാണ് ഉദ്യോഗസ്ഥർക്കായി ക്രമീകരിച്ചിട്ടുള്ളത്. ഉപയോഗിച്ച സുരക്ഷാസാമഗ്രികൾ നിർമാർജനം ചെയ്യുന്നത് പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സഹായത്തോടെയാണ്. പ്രത്യേക പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് എന്നിവരടങ്ങിയ സംഘമാണ് വോട്ടറുടെ അടുത്തെത്തുന്നത്.
വോട്ട് രേഖപ്പെടുത്തിയശേഷം തിരിച്ചേൽപ്പിക്കുന്ന ബാലറ്റുകൾ ഉദ്യോഗസ്ഥർ വരണാധികാരികൾക്ക് കൈമാറും. പ്രത്യേകമായി തയ്യാറാക്കിയ ബോക്സിലായിരിക്കും പോസ്റ്റൽ വോട്ടുകൾ നിക്ഷേപിക്കുക. ജില്ലയിൽ ഒമ്പതിന് വൈകിട്ട് മൂന്നുവരെ പോസ്റ്റൽ വോട്ടിങ് അനുവദിക്കും. ഉദ്യോഗസ്ഥർ എത്തുന്ന വിവരം വോട്ടറെയും സ്ഥാനാർഥികളെയും മുൻകൂറായി അറിയിക്കാനും തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..