05 December Saturday

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വോട്ടില്ലെന്ന് മുല്ലപ്പള്ളി പറയുമോ: എളമരം കരീം

സ്വന്തം ലേഖകന്‍Updated: Saturday Dec 5, 2020

കോഴിക്കോട്>  വെല്‍ഫെയര്‍ പാര്‍ടി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് പറയാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാകണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി ആവശ്യപ്പെട്ടു. വെല്‍ഫെയറുമായി സഖ്യമില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. സഖ്യത്തെ നിഷേധിക്കുന്ന മുല്ലപ്പള്ളി അവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് കോണ്‍ഗ്രസുകാരോട് പറയാന്‍ തയ്യാറുണ്ടോ.

കോണ്‍ഗ്രസും യുഡിഎഫും ഇക്കാര്യത്തില്‍ കാട്ടുന്നത് തികഞ്ഞ അവസരവാദമാണ്. മുല്ലപ്പള്ളിയുടെ ജന്മനാടായ അഴിയൂരില്‍ എട്ടാംവാര്‍ഡിലടക്കം  വെല്‍ഫെയര്‍ പാര്‍ടിയുമായി സഖ്യമായാണ് യുഡിഎഫ് മത്സരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നുള്ള ഈ തെരഞ്ഞെടുപ്പ് സഖ്യം ആര്‍എസ്എസിന്റെ വളര്‍ച്ചക്കാണ് സഹായകമാവുക.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ ബിജെപി നടത്തിയ പ്രചാരണം കോണ്‍ഗ്രസ് മറക്കരുത്. ഇസ്ലാമിക രാഷ്ട്രവാദമുന്നയിക്കുന്ന ജമാഅത്തെയുമായി ചേര്‍ന്ന് എങ്ങനെയാണ് ഹിന്ദുരാഷ്ട്ര വാദികളായ സംഘപരിവാറിനെ നേരിടുക. ഈ  നീക്കം രാജ്യത്ത് മതനിരപേക്ഷചേരിയെ ദുര്‍ബലമാക്കുമെന്നും എളമരം പറഞ്ഞു


യുഡിഎഫിന്റേത് വികസനവിരുദ്ധമുന്നണി


കോഴിക്കോട്> യുഡിഎഫ് കേരള വികസന വിരുദ്ധ മുന്നണിയായി  മാറിയെന്ന് എളമരം കരീം പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസനം അട്ടിമറിക്കാനാണ് ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ ചോദ്യംചെയ്യലും അന്വേഷണങ്ങളുമുണ്ടാകും. ഇതിന് പിന്നില്‍ ബിജെപി-യുഡിഎഫ് ഗൂഢാലോചനയാണ്. എല്‍ഡിഎഫിന്റെ പ്രചാരണത്തിന് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്.

 ശനിയാഴ്ച സംസ്ഥാനത്തെമ്പാടും വെബ് റാലിയില്‍ മുഖ്യമന്ത്രി സംസാരിച്ചു.  'ബുറേവി' ചുഴലി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍   ഭരണപരമായ നേതൃത്വത്തിനായി തലസ്ഥാനത്ത് കേന്ദ്രീകരിച്ചതാണ്. ഇത് എല്‍ഡിഎഫും സിപിഐ എമ്മും തീരുമാനിച്ചതാണ്. സര്‍ക്കാരിന്റെ  വികസന നേട്ടങ്ങളാണ് പ്രചാരണ വിഷയം. കോവിഡ് കാലമായതിനാല്‍ ഇക്കുറി പൊതുയോഗമെല്ലാം കുറച്ചുള്ള പ്രചാരണശൈലിയാണ്. മറിച്ചുള്ള പ്രതിപക്ഷ പ്രചാരണത്തില്‍ കഴമ്പില്ല- കലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ എളമരം കരീം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top