ന്യൂഡൽഹി> പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടുമുള്ള കർഷക സംഘടനകൾ നടത്തുന്ന വൻ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 8ന് നടത്തുന്ന ഭാരതബന്ദിന് ഇടതുപാർട്ടികൾ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. സിപിഐ എം, സിപിഐ, സിപിഐ (എംഎൽ), ആർഎസ്‌പി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർടികൾ സംയുക്‌ത പ്രസ്‌താവനയിലാണ് പിന്തുണ അറിയിച്ചത്.
ഇന്ത്യൻ കാർഷിക മേഖലയെയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും സംരക്ഷിക്കുന്നതിനായി നമ്മുടെ അന്നദാതാക്കൾ നടത്തുന്ന പോരാട്ടത്തിനെതിരെ ആർഎസ്‌എസും ബിജെപിയും നടത്തുന്ന അപകീർത്തികരമായ പ്രചാരണത്തെ ഇടതുപാർട്ടികൾ അപലപിച്ചു.
കാർഷിക മേഖലയെ തകൾക്കുന്ന മൂന്ന് കാർഷിക നിയമങ്ങളും വൈദ്യുതി (ഭേദഗതി) ബില്ലും റദ്ദാക്കണമെന്ന കർഷക സംഘടനകളുടെ ആവശ്യത്തേയും ഇടതുപാർട്ടികൾ പിന്തുണയ്‌ച്ചു.
ഡിസംബർ എട്ടിന് ഭാരത് ബന്ദ് വിജയിപ്പിക്കാൻ കർഷകർക്കൊപ്പം നിൽക്കുന്ന മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളോടും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എം എൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, എഐഎഫ്ബി ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ സംയുക്‌ത പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..