പെട്രോൾ, ഡീസൽ വില പ്രതിദിനം വർധിപ്പിക്കുന്നതിനു പിന്നാലെ പാചകവാതകത്തിനും കുത്തനെ വിലകൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആഹ്വാനം ചെയ്തു. കോവിഡ് കാലത്ത് ദുരിതജീവിതം നയിക്കുന്ന ജനങ്ങളിൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നത് കണ്ണിൽചോരയില്ലാത്ത നടപടിയാണ്. തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നതിനാൽ അവശ്യസാധനങ്ങൾക്ക് വില ഉയരുന്നതിനിടെ പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ വർധിപ്പിച്ചത് സാധാരണക്കാരുടെ ജീവിതഭാരം ഇരട്ടിയാക്കും.
അഞ്ചു മാസമായി പാചകവാതകത്തിന് സബ്‌സിഡി നൽകുന്നില്ല. അന്താരാഷ്ട വിപണിയിൽ വിലയിടിഞ്ഞപ്പോൾ സബ്‌സിഡി ഉള്ളതും ഇല്ലാത്തതും തമ്മിൽ അന്തരമില്ലാതായി എന്നതാണ് അതിനു പറഞ്ഞ ന്യായം. ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില കൂടിയെന്നു പറഞ്ഞ് വില കൂട്ടിയപ്പോൾ സബ്‌സിഡിയെക്കുറിച്ച് മിണ്ടാട്ടമില്ല. ഈ ഇരട്ടത്താപ്പാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയതു മുതൽ തുടരുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള മൻമോഹൻ സിങ് സർക്കാരാണ് ഇത്തരം ജനദ്രോഹനയങ്ങൾ തുടങ്ങിയതും വ്യാപകമാക്കിയതും. ജനങ്ങളെ ഏതുവിധേനയും കൊള്ളയടിച്ച് കോർപറേറ്റുകളുടെ പോക്കറ്റ് വീർപ്പിക്കുകയാണ്. ദുരിതകാലത്തു പോലും അതിന് അറുതിയില്ലെന്നതാണ് ദുഃഖകരം.
കേന്ദ്ര സർക്കാരിന്റെ ഈ ക്രൂരതയ്ക്ക് അറുതിവരുത്താൻ ജനങ്ങൾ മുന്നോട്ടുവരണം. പാചകവാതക വില വർധനയ്‌ക്കെതിരെ ഇടതു ജനാധിപത്യ മഹിളാ സംഘടനകൾ വെള്ളിയാഴ്‌ച വാർഡ് തലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് പിന്തുണ നൽകണമെന്നും എ വിജയരാഘവൻ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..