കൊച്ചി
സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം ദുർബലവിഭാഗം കുട്ടികൾക്ക് നിർബന്ധിത സൗജന്യ വിദ്യാഭ്യാസത്തിന് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അർഹതയുണ്ടന്ന് ഹൈക്കോടതി. സാമ്പത്തിക ബുദ്ധിമുട്ടുള്ള സ്വകാര്യ സ്കൂളുകൾക്ക് ധനസഹായം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം വെണ്ണല സ്വദേശി കെ പി ആൽബർട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഒന്നാം ക്ലാസിൽ ദുർബലവിഭാഗത്തിലെ 25 ശതമാനം വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് 14 വയസ്സുവരെ തുടരണം. കുട്ടികൾ വിവേചനം നേരിടുന്നില്ലെന്ന് വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും നിയമം എല്ലാ അർഥത്തിലും നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിവരങ്ങൾ സ്കുളുകളിൽനിന്ന് ശേഖരിക്കാൻ സിബിഎസ്ഇക്കും ഐസിഎസ്ഇക്കും അധികാരമുണ്ടെന്നും വിവരങ്ങൾ ശേഖരിച്ച് സമഗ്രമായ സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. സർക്കാരും സത്യവാങ്‌മൂലം നൽകണം.
ധനസഹായം തേടി ഒരു സ്കൂളും സമീപിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ധനസഹായം നൽകാനുളള ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്ന് സിബിഎസ്ഇ അറിയിച്ചു. ധനസഹായം സംസ്ഥാനത്തിന്റെ മാത്രം ബാധ്യതയല്ലെന്നും കേന്ദ്രസർക്കാരിനും സ്കൂളുകൾക്കും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ സ്കുളുകളിൽ ഫീസ് നിർണയത്തിന് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കണമെന്ന ഉപഹർജിയും കോടതിയുടെ പരിഗണനയിലാണ്. ഹർജി പത്തു ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..