സ്വന്തം ലേഖകന്‍
ബിജെപിയെ വിമർശിക്കാനാകാത്ത ദൗർബല്യത്തിലാണ് കോൺഗ്രസെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. യുഡിഎഫിന്റെ നിലപാടുകളിൽ വ്യത്യസ്‌ത സ്വരം ഉയരുന്നു. അവസരവാദത്തെ ന്യായീകരിക്കാനാകാതെ ഗതികേടിലായ യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടും. കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച തദ്ദേശീയം ജനവിധി –-2020ൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
എം എം ഹസ്സൻ യുഡിഎഫ് കൺവീനറായി ചുതലയേറ്റപ്പോൾ ആദ്യം പോയത് ജമാഅത്തെ ഇസ്ലാമി നേതാക്കളെ കാണാനാണ്. ന്യൂനപക്ഷ വർഗീയതയുമായി കോൺഗ്രസ് സമരസപ്പെട്ടു. മുസ്ലിംലീഗും വലിയ ഗതികേടിലാണ്. രാജ്യം കർഷക പ്രക്ഷോഭങ്ങളിൽ കത്തിയാളുമ്പോൾ കേരളത്തിൽ കോൺഗ്രസ് നിശ്ശബ്ദമാണ്. ഭൂരിപക്ഷ വർഗീയശക്തികളുമായുള്ള ഒത്തുതീർപ്പാണ് കാരണം. ഇവർക്ക് മുഖ്യശത്രു എൽഡിഎഫാണ്. ചിലയിടത്ത് വെൽഫയർ പാർടിയുമായും ബിജെപിയുമായും ധാരണയിലെത്തിയ യുഡിഎഫിന്റെ അവസരവാദം ജനം തിരിച്ചറിയും. കേരള കോൺഗ്രസ് മാണി കൂടി വിട്ടതോടെ ചിറകൊടിഞ്ഞ മുന്നണിയായി യുഡിഎഫ്.
അഴിമതിക്കേസിൽ രണ്ട് യുഡിഎഫ് എംഎൽഎമാർ ജയിലിലായി. പ്രതിപക്ഷനേതാവ് ഉൾപ്പെടെ മൂന്നു മുൻമന്ത്രിമാർ വിജിലൻസ് അന്വേഷണം നേരിടുന്നു. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പരസ്പരം വെള്ളപൂശുന്നു. വികസനം കേരളത്തിൽ സാധ്യമാക്കുന്നതിനാലാണ് എൽഡിഎഫ് വ്യത്യസ്‌തമാകുന്നത്. വികസനം തകർക്കാൻ എന്തും ചെയ്യുമെന്നുമുള്ള നിലയിലെത്തി. ഇതിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ കേരളത്തിൽ തേരാപാരാ പായുന്നു.
കേരളവികസനം അട്ടിമറിക്കാനുള്ള കേന്ദ്ര ഗൂഡാലോചനയ്‌ക്കെതിരെ യുഡിഎഫ് ഒരക്ഷരം പറയില്ല. കൺസൽട്ടൻസികളെ നിയമിക്കുന്നത് വൈദഗ്‌ധ്യമുള്ളവരെ പ്രയോജനപ്പെടുത്തേണ്ട സാഹചര്യത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രത്തിലെ വലിയ വിജയം ലഭിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..