വെൽഫെയർ പാർടിയുമായി ബന്ധമില്ലെന്ന് ആവർത്തിക്കുന്ന കോൺഗ്രസ്–- യുഡിഎഫ് നേതാക്കൾ സംസ്ഥാനത്തുടനീളം നടപ്പാക്കുന്നത് അവിശുദ്ധസഖ്യം. മതരാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർടിയുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയായി മത്സരിക്കുകയാണ് പലയിടത്തും. ദേശീയ നേതൃത്വത്തിന്റെ നിലപാടുകൾ തള്ളിയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം അപകടകരമായ മഴവിൽ സഖ്യം രൂപീകരിച്ചത്. മുസ്ലിംലീഗ് വഴി വെൽഫെയർ പാർടിയുമായും എസ്ഡിപിഐയുമായും ധാരണയുണ്ടാക്കി സങ്കുചിത അധികാര താൽപ്പര്യം സംരക്ഷിക്കലാണ് ഇതിനു പിന്നിൽ. എല്ലാ ജില്ലയിലും യുഡിഎഫ്, വെൽഫെയർ സഖ്യം പരസ്യമായ രഹസ്യമാണ്.
കാസർകോട് ജില്ലയിൽ ഒരിടത്ത് യുഡിഎഫിനായി മത്സരിക്കുന്നത് വെൽഫെയർ പാർടിയാണ്–- ഉദുമ പഞ്ചായത്തിലെ കൊപ്പൽ വാർഡിൽ. പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ പ്രത്യക്ഷ മത്സരത്തിനില്ലാതെ യുഡിഎഫിനെ സഹായിക്കുകയാണ് അവർ. കണ്ണൂർ ജില്ലയിൽ വെൽഫെയർ പാർടി മത്സരിക്കുന്ന 22 വാർഡിൽ യുഡിഎഫിന് സ്ഥാനാർഥിയില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് തലമുണ്ട ഡിവിഷൻ, ഇരിട്ടി മുനിസിപ്പാലിറ്റി 23–-ാം വാർഡ്, പയ്യന്നൂർ മുനിസിപ്പാലിറ്റി 44–-ാം വാർഡ്, പാനൂർ മുനിസിപ്പാലിറ്റി 40–-ാം വാർഡ്, തലശേരി മുനിസിപ്പാലിറ്റി 10–-ാം വാർഡ്, 49–-ാം വാർഡ്, 34–-ാം വാർഡ്, കല്യാശേരി ഗ്രാമപഞ്ചായത്ത്18–-ാം വാർഡ്, നാറാത്ത് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, ന്യൂമാഹി ഗ്രാമപഞ്ചായത്ത് 10–-ാം വാർഡ്, കതിരൂർ ഗ്രാമപഞ്ചായത്ത് 12–-ാം വാർഡ്, മാടായി ഗ്രാമപഞ്ചായത്ത് 13–-ാം വാർഡ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് 19–-ാം വാർഡ്, ചൊക്ലി ഗ്രാമപഞ്ചായത്ത് 15–-ാം വാർഡ്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് 14–-ാം വാർഡ്, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 15–-ാം വാർഡ്, വളപട്ടണം ഗ്രാമപഞ്ചായത്ത് (ലീഗ് പിന്തുണ) ഒമ്പതാം വാർഡ്, പത്താം വാർഡ്.
കോഴിക്കോട് ജില്ലയിൽ ജില്ലാപഞ്ചായത്ത് മുതൽ പഞ്ചായത്ത് വാർഡ്‌വരെ വിവിധതലങ്ങളിൽ 29 വാർഡിൽ യുഡിഎഫ് സ്ഥാനാർഥികളില്ല. അവിടെയെല്ലാം എൽഡിഎഫിനെ എതിർക്കുന്നത് കോൺഗ്രസ്, ലീഗ് പിന്തുണയോടെ വെൽഫെയർ പാർടിക്കാരാണ്. ജില്ലാപഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ, കോഴിക്കോട് കോർപറേഷനിൽ ചെറുവണ്ണൂർ വെസ്റ്റ്, മൂഴിക്കൽ ഡിവിഷനുകൾ, വടകര (1), കൊയിലാണ്ടി (3), പയ്യോളി (1), മുക്കം (4), കൊടുവള്ളി (2), ഫറോക്ക് (1), നഗരസഭകളിലായി 12 ഡിവിഷൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഇരിങ്ങണ്ണൂർ ഡിവിഷൻ എന്നിവിടങ്ങളിലും യുഡിഎഫിനു പകരം വെൽഫെയർ സ്ഥാനാർഥികളാണ്. പന്തലായനി ബ്ലോക്ക് അത്തോളി ഡിവിഷനിൽ വെൽഫെയർ നേതാവ് ലീഗിന്റെ കോണി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കുറ്റ്യാടി, വേളം, എടച്ചേരി, അഴിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, അരിക്കുളം,അത്തോളി, ഓമശേരി, കാരശേരി, തലക്കുളത്തൂർ, കക്കോടി പഞ്ചായത്തുകളിൽ ഓരോ സീറ്റിലും വെൽഫെയർ സ്ഥാനാർഥികളാണ്.
മലപ്പുറം ജില്ലയിൽ 36 വെൽഫെയർ സ്ഥാനാർഥികൾ മത്സരിക്കുന്നിടത്ത് യുഡിഎഫിന് പ്രത്യേകം സ്ഥാനാർഥിയില്ല. പൊന്നാനി (മൈലാഞ്ചിക്കാട്, മീന്തെരുവ് ഡിവിഷനുകൾ), വളാഞ്ചേരി (മുക്കിലപ്പീടിക, നരിപ്പൊറ്റ), തിരൂർ (നോർത്ത് അന്നാര), പെരിന്തൽമണ്ണ (ഒലിങ്കര), തിരൂരങ്ങാടി (മാനിപ്പാടം), പരപ്പനങ്ങാടി (പനയത്തിൽ), കൊണ്ടോട്ടി (കൊണ്ടോട്ടി ടൗൺ), പെരുമ്പടക്ക് ബ്ലോക്കിലെ വെളിയങ്കോട് ഡിവിഷൻ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്ന് വാർഡ്, മക്കരപ്പറമ്പ് -രണ്ട്, മങ്കട ഒന്ന്, മേലാറ്റൂർ ഒന്ന്, വെട്ടത്തൂർ രണ്ട്, കീഴാറ്റൂർ ഒന്ന്, എലംകുളം ഒന്ന്, എടയൂർ ഒന്ന്, തലക്കാട് രണ്ട്, വാഴയൂർ ഒന്ന്, ആലങ്കോട് ഒന്ന്, പറപ്പൂർ ഒന്ന്, കീഴുപറമ്പ് ഒന്ന്-, പൊന്മുണ്ടം ഒന്ന്, നിറമരുതൂർ -രണ്ട്. താനാളൂർ രണ്ട്, നന്നമ്പ്ര ഒന്ന്, അങ്ങാടിപ്പുറം ഒന്ന്, പെരുമ്പടപ്പ് ഒന്ന്.
തൃശൂരിൽ 50 വാർഡിലാണ് വെൽഫെയർ സ്ഥാനാർഥികൾ. ഗ്രാമപഞ്ചായത്ത് 41, മുനിസിപ്പാലിറ്റി 3 (ചാവക്കാട് 1, കൊടുങ്ങല്ലൂർ–-1, വടക്കാഞ്ചേരി1) ബ്ലോക്ക് പഞ്ചായത്ത്–- 6 ഡിവിഷൻ.വരന്തരപ്പിള്ളി 13–-ാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ചാണ് ഫെൽഫെയർ പാർടിക്ക് സീറ്റ് നൽകിയത്.
പാലക്കാട് ജില്ലയിൽ വെൽഫെയർ പാർടി മത്സരിക്കുന്ന ഒമ്പതു സീറ്റിൽ യുഡിഎഫിന് പ്രത്യേകം സ്ഥാനാർഥിയില്ല. മുതുതല പഞ്ചായത്ത് (നാല് വാർഡ്), കൊപ്പം (10–-ാം വാർഡ്), വടക്കഞ്ചേരി (11, 14 വാർഡ് എസ്‌ഡിപിഐ പിന്തുണ), പുതുക്കോട് (ഒന്നാം വാർഡിൽ വെൽഫെയർ പാർടി), വിളയൂർ ( 9–-ാം വാർഡ്).
എറണാകുളം ജില്ലയിൽ ആറ് വാർഡിലാണ് വെൽഫെയർ പാർടി–-യുഡിഎഫ് പരസ്യ ധാരണ. കൊച്ചി കോർപറേഷൻ, കളമശേരി നഗരസഭ, മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളിൽ ഓരോ ഡിവിഷനിലും കാഞ്ഞൂർ, കോട്ടുവള്ളി, കുമ്പളം പഞ്ചായത്തുകളിൽ ഓരോ വാർഡിലും യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത് വെൽഫെയർ പാർടിക്കാരാണ്.
കൊല്ലം ജില്ലയിൽ വെളിനല്ലൂർ പഞ്ചായത്തിൽ വട്ടപ്പാറ, 504 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കുന്നത് വെൽഫെയർ പാർടി അംഗങ്ങളെയാണ്. റോഡുവിള വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വെൽഫെയർ പാർടിയുടേതാണ്.
വെൽഫെയറിനൊപ്പം ഉമ്മൻചാണ്ടിയും
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദുമ പഞ്ചായത്തിലെ വെൽഫെയർ പാർടി സ്ഥാനാർത്ഥിക്കായി പ്രചാരണവേദിയിൽ. ഇരുപതാം വാർഡ് കൊപ്പലിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വെൽഫെയർ പാർടി ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ളക്കായാണ് പ്രചരണം നടത്തിയത്.

ഉദുമയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തിയ ഉമ്മൻചാണ്ടിയെ സ്വീകരിക്കുന്ന വെൽഫെയർ പാർടി കാസർകോട് ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള (വൃത്തത്തിൽ)
മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിൽ വെൽഫെയർ സ്ഥാനാർഥിക്കൊപ്പം നിന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ ഇട്ടത് വിവാദമായതിന് പിന്നാലെയാണ് ഉമ്മൻചാണ്ടിയും പ്രചാരണവേദി പങ്കിട്ടത്.
വെള്ളിയാഴ്‌ച ഉദുമ ടൗണിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ഉമ്മൻചാണ്ടി പങ്കെടുത്തത്. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ എന്നിവരുമുണ്ടായിരുന്നു. വെൽഫെയർ പാർടിയുമായി സഖ്യമില്ലെന്നാണ‌് ഉമ്മൻചാണ്ടി പെരിയ കല്യോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..