തിരുവനന്തപുരം
ഭിന്നശേഷിക്കാർക്കായി എൽഡിഎഫ് സർക്കാർ ഒട്ടേറെ ക്ഷേമപ്രവർത്തനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഭിന്നശേഷി ദിനത്തിന്റെ സന്ദേശമുൾക്കൊണ്ട് കോവിഡാനന്തരകാലം കൂടുതൽ ഭിന്നശേഷീ സൗഹൃദമാണെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എട്ടുലക്ഷത്തിൽപ്പരം ഭിന്നശേഷിയുള്ള ആളുകളെയാണ് സാമൂഹ്യനീതി വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയത്. അവർക്കായി 2017ൽ "അനുയാത്ര' എന്ന പേരിൽ സമഗ്രപദ്ധതി ആരംഭിച്ചു. എല്ലാ സർക്കാർ ആശുപത്രികളിലും ജനിക്കുമ്പോൾത്തന്നെ ഭിന്നശേഷി കണ്ടെത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ആറു ബ്ലോക്കിൽ ഒന്നെന്ന രീതിയിൽ ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപിസ്റ്റ്, സ്പീച്ച് തെറാപ്റ്റിസ്റ്റ് തുടങ്ങിയവർ ഉൾപ്പെട്ട 25 മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റുകൾ ആരംഭിച്ചു. എല്ലാ ജില്ലകളിലും ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങളും ആരംഭിച്ചു.
ഭിന്നശേഷിയുള്ളവർക്കുള്ള ക്ഷേമപെൻഷനും വലിയ തോതിൽ വർധിപ്പിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ. ഇപ്പോഴത് 1400 രൂപയായി ഉയർന്നിരിക്കുന്നു. സ്കൂളിൽ പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 2017 തൊട്ട് പ്രതിവർഷം 28,500 രൂപ സ്കോളർഷിപ് നൽകുന്നുണ്ട്. തൊഴിലവസരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നാല് ശതമാനം റിസർവേഷനും നൽകി.
ഇത്തരത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹ്യസുരക്ഷിതത്വം ലക്ഷ്യമാക്കി നിരവധി നടപടികളുണ്ടായി. ഈ കാര്യത്തിലുള്ള സർക്കാർ ഇടപെടൽ കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടപ്പാക്കിയത് സർവതലസ്പർശിയായ വികസനം: മുഖ്യമന്ത്രി
സർവതലസ്പർശിയും സാമൂഹ്യനീതിയിലൂന്നിയതുമായ വികസനമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യംവച്ചതും നടപ്പാക്കിയതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വ്യാഴാഴ്ച സംഘടിപ്പിച്ച വികസന വിളംബരം പരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉൾപ്പെടെ മൂന്ന് മുന്നണിയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. അതിൽ യുഡിഎഫും ബിജെപിയും ഏറെക്കുറെ എല്ലാ കാര്യങ്ങളിലും ഒരേ സമീപനമാണ്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ജനവിരുദ്ധനയങ്ങൾക്ക് മൂർച്ചകൂട്ടിയാണ് ബിജെപി രാജ്യം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ പാർലമെന്റിൽ അതിനെ എതിർക്കാനോ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാനോ കോൺഗ്രസ് തയ്യാറാകുന്നില്ല. ലൈഫ് മിഷൻ, മാലിന്യസംസ്കരണ സംവിധാനം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, കിഫ്‌ബി വഴി നടത്തിയ പദ്ധതികൾ, തരിശുഭൂമി കൃഷി, പച്ചക്കറികൾക്ക് തറവില, കൊച്ചി–-മംഗലാപുരം പ്രകൃതിവാതക പൈപ്പ്‌ലൈൻ, ദേശീയപാത വികസനം, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിച്ചത്, സംസ്ഥാനത്തെ സ്റ്റാർട്ടപ് സൗഹൃദമാക്കിയത്, നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയത്, സ്കൂൾ, ആശുപത്രി തുടങ്ങി സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട് സംസ്ഥാനത്ത് നിരവധിയായ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനായി.
യുഡിഎഫായിരുന്നു സംസ്ഥാനം ഭരിച്ചതെങ്കിൽ ഈ നാട് വീണ്ടും പിറകിലേക്ക് പോകുമായിരുന്നു. ഈ വികസനം തുടരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച സംസ്ഥാനമൊട്ടാകെ വിവിധ വാർഡുകേന്ദ്രങ്ങളിലാണ് വികസന വിളംബരം നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..