04 December Friday

ആർക്കും വിശന്നില്ല ; ഒരാളും പട്ടിണി കിടന്നില്ല

സുമേഷ‌് കെ ബാലൻUpdated: Friday Dec 4, 2020

പ്രളയവും കാലവർഷക്കെടുതിയും കോവിഡുമെല്ലാം നാടിനെ വരിഞ്ഞ്‌ മുറുക്കിയപ്പോഴും ഒരാളും പട്ടിണി കിടന്നില്ല. ലോക്‌ഡൗണിൽ കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചപ്പോഴും വിലക്കയറ്റവും ഉണ്ടായില്ല.  സപ്ലൈകോ വഴി വിൽക്കുന്ന 11 ഇനം  അവശ്യസാധനങ്ങൾക്ക്‌ അഞ്ച്‌ വർഷം വില കൂട്ടില്ലെന്ന എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനവും തെറ്റിയില്ല. ആളൊഴിഞ്ഞ്‌,  അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന റേഷൻകടകളിൽ ഇപ്പോൾ തിരക്കോട്‌ തിരക്ക്‌‌.  90 ശതമാനത്തിലേറെ കാർഡുടമകളും ഇപ്പോൾ റേഷൻ വാങ്ങിക്കുന്നു.  കോവിഡ്‌ കാലത്തുമാത്രം മൂന്നരക്കോടിയോളം ഭക്ഷ്യധാന്യക്കിറ്റുകളാണ്‌ റേഷൻകട വഴി നൽകിയത്‌.  ക്രിസ്‌മസ്‌ കിറ്റ്‌ വിതരണവും തുടങ്ങി


8.97 ലക്ഷം പുതിയ റേഷൻ കാർഡ്‌
എൽഡിഎഫ്‌ സർക്കാർ വന്നശേഷം പുതുതായി 8.97 ലക്ഷം റേഷൻ കാർഡ്‌ നൽകി. ആകെ കാർഡുകൾ ഇതോടെ 89,07,804 ആയി. മുൻഗണനാപട്ടികയിലുള്ള 23.5 ലക്ഷത്തോളം അനർഹരെ ഒഴിവാക്കി; അർഹരെ ഉൾപ്പെടുത്തി. വാങ്ങുന്ന സാധനങ്ങളുടെ അളവ്‌ വിവരം ഫോണിൽ ലഭ്യമാക്കി.  പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭക്ഷ്യകമീഷന്‌ രൂപംനൽകി.

കിറ്റ് വാങ്ങി മടങ്ങിയ  അമ്മമാരുമായി  സന്തോഷം പങ്കിടുന്ന കുട്ടികൾ -	   ഫോട്ടോ: പി വി സുജിത്

കിറ്റ് വാങ്ങി മടങ്ങിയ അമ്മമാരുമായി സന്തോഷം പങ്കിടുന്ന കുട്ടികൾ - ഫോട്ടോ: പി വി സുജിത്


 

വിപണിയിൽ ഇടപെട്ടു; വിലക്കയറ്റം തടഞ്ഞു
ഓണം, ക്രിസ്മസ്, റമദാൻ കാലത്ത് മികച്ച ഇടപെടലാണ്‌ വിപണിയിൽ സർക്കാർ നടത്തിയത്‌.  43 മാവേലി സ്റ്റോറും 13 സൂപ്പർ മാർക്കറ്റും 15 മാവേലി സൂപ്പർ സ്റ്റോറും തുടങ്ങി. 65 മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റായും 28 മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോറുകളായും ഒരു മാവേലി സ്റ്റോർ പീപ്പിൾസ് ബസാറായും ഉയർത്തി. നാല്‌ സൂപ്പർ മാർക്കറ്റ്‌ പീപ്പിൾസ് ബസാറായി ഉയർത്തി. സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത്‌  തുടങ്ങി.

സിനിമാ നടൻപോലും ക്യൂ നിന്ന്‌ അരി വാങ്ങി
പുഴുവും കല്ലും നിറഞ്ഞ ‘പുഴുക്കലരി’യുടെ കാലം മാറി. കല്ലും നെല്ലും നിറഞ്ഞ അരിക്ക്‌ പകരം റേഷൻ കടകളിൽ നല്ല ഒന്നാന്തരം വെള്ളയരിയും മട്ടയരിയുമെല്ലാം ഇടം പിടിച്ചു. സിനിമാ താരങ്ങളും പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമുൾപ്പെടെ റേഷൻ കടയിൽ പോയി കിറ്റും മറ്റ്‌ സാധനങ്ങളും വാങ്ങുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി. സിനിമാ നടൻ മണിയൻപിള്ള രാജു കോവിഡ്‌ കാലത്ത്‌ തൊട്ടടുത്ത റേഷൻ കടയിലെത്തി അരി വാങ്ങി. പഴയ റേഷൻ കടയും പഴയ അരിയുമല്ല ഇപ്പോൾ വിൽക്കുന്നതെന്നും വലിയ മാറ്റം ഈ മേഖലയിലുണ്ടായെന്നും അദ്ദേഹം പറഞ്ഞതും വാർത്തയായി.

മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പന്തളം സുധാകരൻ ശാസ്‌തമംഗലത്തെ റേഷൻ കടയിലെത്തി അരി വാങ്ങി.
റേഷൻ കടകളിൽ വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണമേന്മയാണ്‌ സെലിബ്രിറ്റികളെയും സിനിമാ താരങ്ങളെയുമെല്ലാം റേഷൻ കടകളിലെത്തിച്ചത്‌. റേഷൻ കട വഴിയും സപ്ലൈകോ വഴിയും വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ കർശന നിരീക്ഷണ സംവിധാനം സർക്കാർ ഏർപ്പെടുത്തി. ഉപഭോക്താക്കൾക്ക്‌ ഇഷ്‌ടമുള്ള റേഷൻ കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങാൻ പോർട്ടബിലിറ്റി സൗകര്യമൊരുക്കി. 

ഭക്ഷ്യക്കിറ്റ്‌ എറണാകുളത്ത്‌ വിതരണത്തിനായി സപ്ലൈകോ ജീവനക്കാർ തയ്യാറാക്കുന്നു 	ഫോട്ടോ: മനുവിശ്വനാഥ്‌

ഭക്ഷ്യക്കിറ്റ്‌ എറണാകുളത്ത്‌ വിതരണത്തിനായി സപ്ലൈകോ ജീവനക്കാർ തയ്യാറാക്കുന്നു ഫോട്ടോ: മനുവിശ്വനാഥ്‌


 

അരിയും ഗോതമ്പും സൗജന്യം
ഏപ്രിൽ: മുൻഗണന/മുൻഗണനേതര കാർഡുകാർക്ക്‌ സൗജന്യ ധാന്യം
● മെയ്‌, ജൂൺ: മുൻഗണനേതര കാർഡുകാർക്ക്‌ 10 കിലോ അരി  15 രൂപ നിരക്കിൽ
● അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക്‌ ഒരാൾക്ക്‌ അഞ്ച്‌ കിലോ വീതം സൗജന്യ അരി
● സമൂഹ അടുക്കളകൾക്ക്‌ 130.42 ടൺ അരി
● അതിഥിത്തൊഴിലാളികൾക്ക്‌ 1166.52 ടൺ അരിയും 349994 കിലോ ആട്ടയും
● റേഷൻ കാർഡില്ലാത്ത 36594 കുടുംബത്തിന്‌ 460.52 ടൺ അരി
● കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ 1000 രൂപയുടെ പലവ്യഞ്ജനക്കിറ്റ്‌
● കേന്ദ്രം 22 രൂപ നിരക്കിൽ അനുവദിച്ച അരി 105 കോടി രൂപ അധികബാധ്യത വഹിച്ച്‌ 15 രൂപ നിരക്കിൽ നൽകി
● സ്‌കൂൾ വിദ്യാർഥികൾക്ക്‌  അരിയും പലവ്യഞ്ജനവും വീട്ടിലേക്ക്‌ നൽകി.

റേഷൻകടയിലൂടെ ഭക്ഷ്യക്കിറ്റ്  ലഭിച്ച  കാരാപ്പുഴ അമ്പലക്കടവ് തയ്യിൽ മേഴ്‌സി ബെന്നിയുടെ സന്തോഷം

റേഷൻകടയിലൂടെ ഭക്ഷ്യക്കിറ്റ്  ലഭിച്ച  കാരാപ്പുഴ അമ്പലക്കടവ് തയ്യിൽ മേഴ്‌സി ബെന്നിയുടെ സന്തോഷം



 

പ്രളയ അരിക്കും കാശുചോദിച്ച്‌ കേന്ദ്രം
പ്രളയകാലത്ത്‌ ദുരിതത്തിലായ ജനങ്ങളെ കേരളം ചേർത്തുപിടിച്ചപ്പോൾ സംസ്ഥാനത്തിന്‌ നൽകിയ അരിക്ക്‌ കണക്കുപറഞ്ഞ്‌ പണം ചോദിച്ച്‌ കേന്ദ്ര സർക്കാർ പലവട്ടം കത്തയച്ചു. കേരളത്തിന്‌ നൽകിയ അരിയുടെ പണം ഉടൻ തിരിച്ചടയ്‌ക്കാനാവശ്യപ്പെട്ട്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും പൊതുവിതരണ വകുപ്പ്‌ സെക്രട്ടറിക്കുമാണ്‌ കേന്ദ്രം കത്തയച്ചത്‌.  2018ലെ പ്രളയകാലത്ത്‌ അധിക വിഹിതമായി അനുവദിച്ച 89,540 മെട്രിക്‌ ടൺ ധാന്യത്തിന്‌ 205.81 കോടിരൂപ ഉടൻ നൽകാനാവശ്യപ്പെട്ടാണ്‌ കേന്ദ്രം കത്ത്‌ നൽകിയത്‌.  അതും മൂന്നുതവണ.

പ്രളയത്തിലുണ്ടായ നാശനഷ്ടത്തിന്‌ ഏഴ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രം അധികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കേരളത്തെമാത്രം ഒഴിവാക്കി. ഈ കടുത്ത അവഗണനയ്‌ക്ക്‌ തൊട്ടുപിറകെയാണ്‌  അരിയുടെ വിലയും കേന്ദ്രം തിരികെ ചോദിച്ചത്‌.  പ്രളയ രക്ഷാപ്രവർത്തനത്തിന്‌  സൈനിക വിമാനവും കോപ‌്ടറും ഉപയോഗിച്ചതിന‌ും കേന്ദ്രം പണം ആവശ്യപ്പെട്ടിട്ടുണ്ട്‌. 33.79 കോടിരൂപ  അടയ‌്ക്കാനാണ്‌  ആവശ്യപ്പെട്ടത്.

മുത്തങ്ങയിൽ റേഷൻ വാങ്ങിപോകുന്ന എടത്തറ  ആദിവാസി കോളനിയിലെ കുങ്കി      ഫോട്ടോ: എം എ ശിവപ്രസാദ്‌

മുത്തങ്ങയിൽ റേഷൻ വാങ്ങിപോകുന്ന എടത്തറ ആദിവാസി കോളനിയിലെ കുങ്കി ഫോട്ടോ: എം എ ശിവപ്രസാദ്‌


 

കരയിക്കാതെ സവാള
രാജ്യത്ത്‌ സവാള വില കുത്തനെ കൂടിയപ്പോഴും  കുറഞ്ഞ വിലയ്‌ക്ക്‌ സവാളയെത്തിച്ച്‌ മാതൃകയാവുകയായിരുന്നു കേരളം. നാഫെഡിൽനിന്ന്‌ നേരിട്ട്‌ ഇറക്കുമതി ചെയ്‌താണ്‌ വിലക്കയറ്റം പിടിച്ചുനിർത്തിയത്‌. പൊതുവിപണിയിൽ വില കിലോയ്‌ക്ക്‌ 100 കടന്നപ്പോഴും 45 രൂപയ്‌ക്ക്‌ സവാള നൽകാൻ സർക്കാരിനായി. ഇതര സംസ്ഥാനങ്ങളിൽ വില കൂടിയപ്പോൾതന്നെ ഹോർട്ടികോർപ്‌ നാഫെഡിൽനിന്ന്‌ കൂടുതൽ സവാള ആവശ്യപ്പെട്ടു. ആദ്യഘട്ടം 100 ടൺ  വരുത്തിച്ചു.  പൊതുവിപണിയിലെ വില കുറയ്‌ക്കാൻ കൂടുതൽ ഇറക്കുമതിചെയ്യണമെന്നായപ്പോൾ വീണ്ടും ഇടപെട്ടു. 1800 ടൺ സവാള നാഫെഡിൽനിന്ന്‌ വരുത്തിച്ചു. സപ്ലൈകോ ആയിരം ടണ്ണും ഹോർട്ടികോർപ്‌ 500 ടണ്ണും കൺസ്യൂമർഫെഡ്‌ 300 ടണ്ണുമാണ്‌ വാങ്ങിയത്‌. ഇത് 45 രൂപയ്‌ക്കാണ്‌ വിറ്റത്‌.

തക്കാളി, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവ സംസ്ഥാന സർക്കാരുകളുടെ ഏജൻസികൾ നേരിട്ട് സംഭരിക്കുകയാണെങ്കിൽ പ്രത്യേക ആനുകൂല്യങ്ങൾ കേന്ദ്ര കൃഷി വകുപ്പ് നൽകുന്നുണ്ട്. ഈ സ്കീമിൽ നേരിട്ട് സംഭരിക്കുന്നതിന് സഹായമഭ്യർഥിച്ച്‌ മുഖ്യമന്ത്രി കേന്ദ്രത്തിന്‌  കത്തയച്ചു. കോവിഡ്‌ കാലത്ത്‌ പയർ വർഗങ്ങൾ വൻതോതിൽ നാഫെഡിൽനിന്ന്‌ നേരിട്ട്‌ ശേഖരിച്ചതിനാലാണ്‌ ചരക്ക്‌ ഗതാഗതം നിലച്ചപ്പോഴും വിലക്കയറ്റമില്ലാതെ കേരളത്തിന്‌ പിടിച്ചുനിൽക്കാനായത്‌.


 

24 മണിക്കൂറിൽ കാർഡ്‌ റെഡി
പുതിയ റേഷൻ കാർഡ്‌ നടപടിക്രമങ്ങൾ സർക്കാർ ലളിതമാക്കി. അപേക്ഷിച്ച്‌ 24 മണിക്കൂറിനകം താൽക്കാലിക റേഷൻ കാർഡ്‌ നൽകും. കഴിഞ്ഞ നാല്‌ മാസത്തിനിടെമാത്രം സംസ്ഥാനത്ത് ഒന്നര ലക്ഷം കുടുംബത്തിന്‌  അതിവേഗം  കാർഡ്‌ ലഭ്യമാക്കി.  അക്ഷയകേന്ദ്രം വഴിയോ സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിലെ (https://civilsupplieskerala.gov.in ) സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈൻ അപേക്ഷ നൽകാം.  അനുവദിക്കുന്ന കാർഡുകളിലെ വിവരങ്ങൾ വകുപ്പ് എൻഐസിക്ക് നൽകി ആ വിവരങ്ങൾ ഇ പോസ് മെഷീനിലേക്ക് അപ്‌ലോഡ് ചെയ്യുന്നതോടെ റേഷൻ സാധനങ്ങൾ ലഭിക്കും.

ഞങ്ങൾക്ക്‌ മാന്യത നൽകിയ സർക്കാർ
റേഷൻ വ്യാപാരികൾക്ക്‌ മാന്യതയും പരിഗണനയും നൽകിയ സർക്കാരാണിത്‌. ഇത്രയും കാലം വ്യാപാരികൾക്ക്‌ മാന്യമായ വേതനം ഇല്ലായിരുന്നു. മുഖ്യമന്ത്രി  മുൻകൈ എടുത്ത്‌ വ്യാപാരികൾക്ക്‌ വേതന പാക്കേജ്‌ ഏർപ്പെടുത്തി.
45 ക്വിന്റൽ ധാന്യം വിൽക്കുന്ന ഒരു വ്യാപാരിക്ക്‌ കുറഞ്ഞത്‌ 18000 രൂപയും പിന്നീടുള്ള ഓരോ ക്വിന്റലിനും 180 രൂപവീതവും നിരക്ക്‌ നിശ്ചയിച്ചു. കോവിഡ്‌ കാലത്ത്‌ റേഷൻ വ്യാപാരികൾക്ക്‌ 1000 രൂപവീതം സഹായധനം അനുവദിച്ചു.  വിതരണം ചെയ്യുന്ന ധാന്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി. ഉന്നയിച്ച പരാതികളിൽ പരിഹാരം ഉണ്ടാക്കി. അരിയും ഭക്ഷ്യക്കിറ്റുമെല്ലാം  വാങ്ങി റേഷൻ കടയിൽനിന്ന്‌  മടങ്ങുന്നവരുടെ മുഖത്തെ സന്തോഷം ഞങ്ങൾക്ക്‌ മറക്കാനാകില്ല.

ടി മുഹമ്മദാലി
(ജന. സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ്‌ അസോസിയേഷൻ)

 



 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top