04 December Friday

7 മണിക്കൂർ നീണ്ട ചർച്ച ;തീരുമാനമായില്ല; ഇനി നാളെ

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


ന്യൂഡൽഹി
കർഷകപ്രക്ഷോഭം ഒത്തുതീർക്കാൻ കേന്ദ്ര സർക്കാർ വിളിച്ച രണ്ടാമത്തെ യോഗത്തിലും തീരുമാനമായില്ല. ശനിയാഴ്‌ വീണ്ടും ചർച്ച നടത്തും. ചർച്ച ഏഴുമണിക്കൂർ നീണ്ടു. മിനിമം താങ്ങുവില‌(എംഎസ്‌പി) ഉറപ്പാക്കാൻ നിയമനിർമാണം നടത്താമെന്ന്‌ സർക്കാർ യോഗത്തെ അറിയിച്ചു. മൂന്ന്‌ കാർഷികനിയമവും പിൻവലിക്കണമെന്ന കർഷകസംഘടനകളുടെ ആവശ്യത്തിൽ തീരുമാനം അറിയിക്കാൻ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ട്‌ വരെ സർക്കാർ സമയം ചോദിച്ചു. പ്രക്ഷോഭം ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളെടുക്കാന്‍ വെള്ളിയാഴ്‌ച രാവിലെ കർഷകസംഘടനകളുടെ യോഗം ചേരുമെന്ന്‌ അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള അറിയിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുക്കും.

കർഷകസംഘടനകളുടെ പ്രതിനിധികളായ 40 നേതാക്കളാണ്‌ വിജ്ഞാൻ ഭവൻ ഹാളിൽ കൃഷി മന്ത്രി നരേന്ദ്രസിങ്‌ തോമർ, വാണിജ്യമന്ത്രി പിയൂഷ്‌ ഗോയൽ എന്നിവരുമായുള്ള ചർച്ചയിൽ പങ്കെടുത്തത്‌. ഉച്ചഭക്ഷണത്തിൽ പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം കർഷകനേതാക്കൾ നിരസിച്ചു‌.

ഡൽഹിയുടെ അതിർത്തികളായ സിൻഘു, ടിക്രി, നോയിഡ, ഗാസിപുർ എന്നിവിടങ്ങളിൽ പ്രക്ഷോഭകരുടെ എണ്ണം ഉയരുകയാണ്‌. ദേശീയപാത 44 ഇരുവശത്തും അടച്ചു. സിൻഘു, ലാംപുർ, ഔചന്ദി, സഫിയാബാദ്‌, പിയാവോ മനിയാരി, സബോലി അതിർത്തികൾ വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.

ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽനിന്നുള്ള കൂടുതൽ കർഷകർ ഗാസിപുരിൽ കേന്ദ്രീകരിച്ചു. ഗാസിയാബാദ്‌ ജില്ല മജിസ്‌ട്രേട്ട്‌, മീററ്റ്‌ മേഖല ഐജി എന്നിവർ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ഗുജറാത്ത്‌, തമിഴ്‌നാട്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരും സമരത്തിൽ പങ്കുചേർന്നു. ഫരീദാബാദിൽ കർഷകരെ തടയാൻ ഹരിയാന പൊലീസ്‌ ശ്രമിച്ചു.

പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌ ആഭ്യന്തരമന്ത്രി അമിത്‌ഷായുമായി കൂടിക്കാഴ്‌ച നടത്തി, സമരം ഉടൻ ഒത്തുതീർക്കണമെന്ന്‌ ആവശ്യപ്പെട്ടു. പഞ്ചാബ്‌ മുൻമുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദൽ പത്മവിഭൂഷൺ തിരിച്ചുനൽകി. അകാലിദൾ നേതാവ്‌ സുഖ്‌ദേവ്‌ സിങ്‌ ദിൻസ പത്മഭൂഷൺ മടക്കിനൽകും.അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ഒഡിഷ നിയമസഭയ്‌ക്ക്‌ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ചർച്ചയ്‌ക്കിടെ സർക്കാർഭക്ഷണം നിരസിച്ച് കര്‍ഷകനേതാക്കള്‍
ചർച്ചയ്‌ക്കിടെ കേന്ദ്രസർക്കാർ വാഗ്‌ദാനം ചെയ്‌ത ഉച്ചഭക്ഷണം കർഷകസംഘടനാ നേതാക്കൾ നിരസിച്ചു. ബംഗ്ലാ സാഹിബ്‌ ഗുരുദ്വാരയിൽ പാചകംചെയ്‌ത ഭക്ഷണം നേതാക്കൾക്കായി ചർച്ച നടക്കുന്ന വിജ്ഞാൻഭവൻ ഹാളിൽ എത്തിച്ചു.

നാൽപ്പതോളം നേതാക്കൾ ഇതാണ്‌ കഴിച്ചത്‌. ആംബുലൻസിലാണ്‌ ഭക്ഷണം വിജ്ഞാൻഭവൻ ഹാളിലേക്ക്‌ കൊണ്ടുവന്നത്‌. കഴിഞ്ഞദിവസത്തെ ചർച്ചയിലും സർക്കാരിന്റെ വക ചായ കർഷകനേതാക്കൾ കുടിച്ചില്ല. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണമാണ്‌ കർഷകർ കഴിക്കുന്നതെന്നും സർക്കാരിന്റെ വക ഭക്ഷണമോ ചായയോ വേണ്ടെന്നും കർഷകസംഘടനാ നേതാക്കൾ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top