04 December Friday

പോപ്പുലർ ഫ്രണ്ട‌് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്‌ഡ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


തിരുവനന്തപുരം/കോഴിക്കോട്‌/മലപ്പുറം
പോപ്പുലർ ഫ്രണ്ട‌് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റിന്റെ‌ റെയ്‌ഡ്‌. വിദേശ ഫണ്ട്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ  ഇടപാടുകളിലെ അന്വേഷണത്തിന്റെ ഭാഗമാണ്‌ റെയ്‌ഡ്‌. മലപ്പുറത്ത്‌ ദേശീയ പ്രസിഡന്റ്‌ ഒ എം എ സലാമിന്റെ മഞ്ചേരി മാടംകോട്ടെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ വാഴക്കാട്‌ എളമരത്തെ വീട്ടിലുമാണ്‌ ഒരേസമയം റെയ്ഡ് നടന്നത്‌. സിആർപിഎഫിന്റെ കനത്ത സുരക്ഷയുണ്ടായിരുന്നു.

നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പരിശോധന മൂന്ന് മണിക്കൂർ നീണ്ടു. ഇവിടെനിന്ന്‌ ഒരു ലാപ്ടോപ്, രണ്ട്‌ പെൻഡ്രൈവുകൾ എന്നിവയും ഒ എം എ സലാമിന്റെ വസതിയിൽനിന്ന്‌ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു‌. റെയ്‌ഡിനെതിരെ നേതാക്കളുടെ വീടിനു മുന്നിൽ എസ്‌ഡിപിഐക്കാർ പ്രതിഷേധിച്ചു. പോപ്പുലർ ഫ്രണ്ട് ദേശീയ വൈസ് ചെയർമാനും മുഖപത്രമായിരുന്ന തേജസിന്റെ മാനേജിങ് എഡിറ്ററുമായിരുന്ന ഇ എം അബ്ദുറഹിമാന്റെ കളമശേരി പത്തടിപ്പാലം കുമ്മഞ്ചേരിയിലെ വീട്ടിലും റെയ്‌ഡ്‌ നടത്തി. 

കോഴിക്കോട്‌ മീഞ്ചന്തയിലുള്ള യൂണിറ്റി ഓഫീസിലും കാരന്തൂരിൽ ദേശീയ സമിതി അംഗം  പ്രൊഫ. പി കോയയുടെ  വീട്ടിലും പരിശോധന നടത്തി. രാവിലെ ഏഴുമുതൽ വൈകിട്ടുവരെ നടന്ന പരിശോധനയിൽ  ചില രേഖകൾ  ലഭിച്ചതായാണ‌് വിവരം.

കരമന അഷ്‌റഫ്‌ മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലും റെയ്‌ഡ്‌ നടന്നു. രാവിലെ ആരംഭിച്ച റെയ്‌ഡ്‌ ഉച്ചയോടെ‌ അവസാനിച്ചു‌. റെയ്‌ഡിനെതിരെ പ്രതിഷേധിച്ച പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ രേഖകളൊന്നും കണ്ടെടുത്തില്ലെന്ന്‌ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ എഴുതിക്കൊടുത്താണ്‌ ഇഡി ഉദ്യോഗസ്ഥർ മടങ്ങിയത്‌. തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിലും ദേശീയ നേതാക്കളുടെ വീടുകളിൽ റെയ്‌ഡുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top