തിരുവനന്തപുരം
ചൊവ്വാഴ്‌ച ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കുമുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം ബുധനാഴ്‌ച ആരംഭിക്കും. ഇനി കോവിഡ് സ്ഥിരീകരിക്കുന്നവരെയെല്ലാം ലിസ്‌റ്റിൽ ഉൾപ്പെടുത്തും. 10ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളുടെ ആദ്യ ലിസ്‌റ്റും തയ്യാറായി. 14ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അഞ്ച് മുതലാണ് ലിസ്റ്റ് തയ്യാറാക്കുക.
വോട്ടെടുപ്പിന് തലേദിവസം രാവിലെ വരെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് പ്രത്യേക പോസ്‌റ്റൽ വോട്ട് അനുവദിക്കും. മൂന്നിന് ശേഷം കോവിഡ് പോസിറ്റീവ് ആയവർക്കും ആ സമയത്ത് നിരീക്ഷണത്തിൽ പ്രവേശിച്ചവർക്കും പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ട് ചെയ്യാം. വൈകിട്ട് ആറിന് മറ്റ് വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയശേഷമാകും ഇവർക്ക് അവസരം.
സ്വയം ക്വാറന്റൈനിൽ കഴിയുന്നവർ അവരുടെ വിവരങ്ങൾ ഹെൽത്ത് ഓഫീസർക്ക് കൈമാറണം. ക്വാറന്റൈനിൽ ഉള്ളവരുടെ വിവരങ്ങൾ കലക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓരോ തദ്ദേശസ്ഥാപനത്തിലും ഒന്നോ അതിലധികമോ വാർഡുകൾക്കായി ഒരു സ്പെഷ്യൽ പോളിങ് ടീമിനെ നിയോഗിക്കും. വോട്ടർമാർക്കുള്ള അപേക്ഷാ ഫോറം (ഫോറം ബി) സത്യപ്രസ്താവനാ ഫോറം, ബാലറ്റ് പേപ്പർ, കവറുകൾ, മറ്റ് സാധനങ്ങൾ എന്നിവയും സ്പെഷ്യൽ വോട്ടർ താമസിക്കുന്ന സ്ഥലത്ത് ലഭ്യമാക്കും.
വോട്ടിങ് യന്ത്രവിതരണം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ബുധനാഴ്‌ചമുതൽ. എട്ടിന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ യന്ത്രങ്ങൾ ബുധനും വ്യാഴവുമായി കലക്ടർമാരിൽനിന്ന് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങും. വെള്ളി, ശനി ദിവസങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ പേര് പതിക്കും. ഏഴിന് യന്ത്രവും പോളിങ് സാധനങ്ങളും വിതരണംചെയ്യും.
പത്തിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പുള്ള ജില്ലകളിലേക്കുള്ള യന്ത്രങ്ങളുടെ വിതരണം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ആറിനും ഏഴിനും യന്ത്രത്തിൽ സ്ഥാനാർഥികളുടെ പേര് പതിക്കും. 14ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലേക്കുള്ള യന്ത്രങ്ങളുടെ വിതരണം എട്ടിനും ഒമ്പതിനുമാണ്. 10നും 11നും സ്ഥാനാർഥികളുടെ പേര് പതിക്കും.
ഡമ്മി ബാലറ്റിന് വേറെ നിറം
യഥാർഥ ബാലറ്റിന്റെ വെള്ള, നീല, പിങ്ക് നിറങ്ങൾ ഡമ്മി ബാലറ്റിൽ ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷനുകൾ എന്നിവയ്ക്ക് വെള്ളയും ജില്ലാപഞ്ചായത്തുകൾക്ക് ആകാശ നീലയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് നിശ്ചയിച്ചിട്ടുള്ളത്. ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സൽ ബാലറ്റ് പേപ്പറിനോട് സാമ്യംപാടില്ല.
സ്ഥാനാർഥി, പേര് ബാലറ്റ് പേപ്പറിൽ എവിടെ വരുമെന്ന് സൂചിപ്പിക്കാൻ ഡമ്മി അച്ചടിക്കുന്നതിന് തടസ്സമില്ല. പക്ഷേ, മറ്റ് സ്ഥാനാർഥികളുടെ പേരും ചിഹ്നവും പാടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..