03 December Thursday
ഗാർഹികാവശ്യത്തിനുള്ളതിനും വാണിജ്യാവശ്യത്തിനുള്ളതിനും വില വർധിപ്പിച്ചു

പാചകവാതക വില കുത്തനെ കൂട്ടി ; 5 മാസമായി സബ്‌സിഡിയില്ല

വാണിജ്യകാര്യ ലേഖകൻUpdated: Wednesday Dec 2, 2020


പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കുപിന്നാലെ സാധാരണക്കാരന് ഇരുട്ടടിയായി കേന്ദ്രസർക്കാർ പാചകവാതക വിലയും കൂട്ടി. ​ഗാർഹികാവശ്യത്തിനുള്ള 14.2 കിലോ സിലിൻഡറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വില 651 രൂപയായി. കോഴിക്കോട്ട്‌ 653 രൂപയും തിരുവനന്തപുരത്ത് 653.50 രൂപയും നൽകേണ്ടിവരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ പറഞ്ഞു. ഗാർഹിക പാചകവാതക സിലിൻഡറിനുള്ള സബ്‌സിഡി നിർത്തിയതിന്‌ ശേഷമുള്ള ആദ്യ വിലക്കയറ്റമാണിത്‌. വീണ്ടും വില ഉയരുമ്പോൾ സബ്‌സിഡി പുനഃസ്ഥാപിക്കുന്നത്‌‌ വ്യക്തമാക്കിയിട്ടില്ല.


 

വാണിജ്യാവശ്യ സിലിൻഡറിന്റെ വിലയും 55 രൂപ വർധിപ്പിച്ചു. കൊച്ചിയിൽ 1282.50, തിരുവനന്തപുരം - 1298.5,  കോഴിക്കോട്‌-‌ 1307 രൂപ. അന്താരാഷ്ട്രവിപണിയിൽ വില കൂടിയെന്നാണ്‌ ന്യായം. അഞ്ചുമാസമായി ഗാർഹിക ഉപയോക്താക്കൾക്ക് പാചകവാതക സബ്സിഡി  നൽകുന്നില്ല. അന്താരാഷ്ട്രവിപണിയിൽ വിലയിടിഞ്ഞപ്പോൾ  സബ്‌സിഡി ഇല്ലാത്തതും  ഉള്ളതും തമ്മിൽ അന്തരമില്ലാതായി എന്നാണ്‌ അതിനു പറഞ്ഞ ന്യായം. ഇപ്പോൾ വില കൂടിപ്പോൾ രണ്ടിനും കൂട്ടി. സബ്‌സിഡിക്കാര്യം വ്യക്തമാക്കിയിട്ടില്ല.

പെട്രോൾ,-ഡീസൽ വിലയും കൂട്ടി
ബിഹാർ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ പെട്രോൾ, ഡീസൽ വിലയും തുടർച്ചയായി  കൂട്ടുകയാണ്‌. ബുധനാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 24 പൈസയും വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ പെട്രോൾ  ലിറ്ററിന് 82.63 രൂപയും ഡീസലിന് 76.61 രൂപയുമായി.  തിരുവനന്തപുരം 84.49 , 78.37. കോഴിക്കോട്‌  82.93 , ‌ 76.93 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top