തിരുവനന്തപുരം
ജനപക്ഷ സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും യോജിച്ച് നടത്തുന്ന നീക്കങ്ങൾക്കെതിരായ ജനരോഷമാകും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസരി സ്‌മാരക ജേണലിസ്‌റ്റ് ട്രസ്‌റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം കിട്ടിയില്ലെങ്കിൽ നാമാവശേഷമാകും എന്ന ഭയമാണ് യുഡിഎഫിനെ നയിക്കുന്നത്. അധികാരത്തിനു വേണ്ടി ആരുമായും യോജിക്കാമെന്നതടക്കമുള്ള നീചമായ രാഷ്ട്രീയ നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. മത രാഷ്ട്രീയവും മതപ്രീണനവും നടത്തിയതിന്റെ ദുരനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അനായാസ വിജയം ഇല്ലാതാക്കാൻ ഇല്ലാക്കഥകളുടെ പ്രവാഹം സൃഷ്ടിക്കാൻ യുഡിഎഫും ബിജെപിയും കോർപറേറ്റ് മാധ്യമങ്ങളും മുന്നിലുണ്ട്. എന്നാൽ, ഇത്തരം വിവാദങ്ങൾ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്ന് ജനങ്ങൾക്ക് മനസ്സിലാകും. അവർ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാകും തെരഞ്ഞെടുപ്പിൽ പ്രതികരിക്കുക. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകടന പത്രികയിയിലെ വാഗ്‌ദാനങ്ങളെല്ലാം നടപ്പാക്കാൻ മുൻഗണന നൽകിയ സർക്കാരാണിത്. വർഷാവർഷം പ്രോഗ്രസ് റിപ്പോർട്ടും പുറത്തിറക്കിയ മറ്റൊരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിലില്ല.
കോവിഡ് കാലത്തും ഒരു കുടുംബംപോലും പട്ടിണികിടക്കില്ലെന്ന് ഉറപ്പു വരുത്താൻ സർക്കാരിനായി. ആ കരുതലാണ് എൽഡിഎഫ് സർക്കാരിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..