KeralaLatest NewsNews

കര്‍ഷക പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാര്‍ സ്വയം തിരുത്തി മുന്‍പോട്ട് പോകാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡൽഹിയിലെ കർഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം……………………….

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 90കളിൽ കോൺഗ്രസിൻ്റെ കൈപിടിച്ച് നിയോലിബറൽ നയങ്ങൾ രാജ്യത്ത് അരങ്ങേറിയത് മുതൽക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കർഷകരുടെ കണ്ണീരിലും ചോരയിലും കുതിർന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവർന്നെടുത്തപ്പോളാണ് ഇന്നവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കാലങ്ങളായി രാജ്യം ഭരിച്ച; ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോൺഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപ്പറേറ്റ് ദാസ്യത്തിൻ്റെ ഇരകളാണ് കർഷകർ.
രാജ്യത്തിൻ്റെ നട്ടെല്ലായ കർഷക സമൂഹത്തിൻ്റെ ആശങ്കകളെ പരിഹരിക്കുന്നതിനു പകരം കേന്ദ്ര സർക്കാർ സമരത്തെ അടിച്ചമർത്തുന്ന കാഴ്ചയാണ് കാണുന്നത്. മർദ്ദനമുറകൾ ഉപയോഗിച്ചു കർഷകരെ നേരിടുകയാണ്. എന്തിനാണ് കർഷകരെ ഭയക്കുന്നത്? അവരുടെ ന്യായമായ ആവശ്യങ്ങൾ ചെവിക്കൊള്ളാത്തതെന്തുകൊണ്ടാണ്?

ഈ ചോദ്യങ്ങൾ പൊതുസമൂഹം ഉറക്കെ ചോദിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു.
ഇനിയെങ്കിലും കർഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സമരം ഒത്തു തീർപ്പാക്കണം. ക്രിയാത്മകവും ആത്മാർത്ഥവുമായ കൂടിയാലോചനയ്ക്കു കേന്ദ്ര സർക്കാർ തയാറാകണം. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണം. അവരുടെ ആശങ്കകൾ പരിഹരിച്ചു കൊണ്ട് കർഷകർക്കനുകൂലമായ നയങ്ങളുമായി മുൻപോട്ടു പോകണം. കർഷകരുടെ സുരക്ഷിതമായ ജീവിതം ഈ നാടിൻ്റെ ശോഭനമായ ഭാവിയ്ക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ സ്വയം തിരുത്തി മുൻപോട്ട് പോകാൻ തയ്യാറാകണം.

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി…

Posted by Pinarayi Vijayan on Monday, November 30, 2020

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button