01 December Tuesday

കര്‍ഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

ഫോട്ടോ: കെ എം വാസുദേവന്‍

ന്യൂഡല്‍ഹി>  കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.

വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, നിയമം പിന്‍വലിക്കില്ലെങ്കിലും മിനിമം താങ്ങുവില, ചന്തകള്‍ എന്നിവ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. നിയമത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇതിനോട് കര്‍ഷകര്‍ വഴങ്ങിയില്ല.

ആദ്യഘട്ടത്തില്‍ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് ചര്‍ച്ചയ്ക്ക് എത്തിയത്. മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര തോമര്‍, പിയൂഷ് ഗോയല്‍, സോം പ്രകാശ് എന്നിവരാണ് 35 അംഗ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

''ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.''; കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കര്‍ഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിങ് പറഞ്ഞു.

അതേസമയം, കര്‍ഷകരോട് സമരം അവസാനിപ്പിച്ച് കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് തങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്. എന്നാല്‍ ഈ തീരുമാനം കര്‍ഷക യൂണിയനെയും കര്‍ഷകരെയും ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top