01 December Tuesday

ഇന്നവേഷൻ സോൺ കരാർ ലഭിച്ചത്‌ ഓപ്പൺ ടെൻഡറിലൂടെ; മാധ്യമവാർത്ത അടിസ്ഥാനരഹിതം: ഊരാളുങ്കൽ സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020


 കോഴിക്കോട്‌> “ഊരാളുങ്കലിനുവേണ്ടി ഭരണഘടന ലംഘിച്ചു” എന്ന തലക്കെട്ടിൽ ഒരു പത്രം ഇന്ന്‌ നൽകിയ വാർത്ത അടിസ്‌ഥാന രഹിതമാണെന്ന്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ പാലേരി രമേശൻ അറിയിച്ചു. വാർത്തയിൽ പരാമർശിക്കുന്ന കൊച്ചിയിലെ ടെക്നോളജി ഇന്നവേഷൻ സോണിന്റെ നിർമ്മാണകരാർ ലഭിച്ചത്‌  ഓപ്പൺ ടെണ്ടർ വഴിയാണ്‌.  ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കു ‘കരാറുകൾ’ നല്കിയത് ഭരണഘടന ലംഘിച്ച് എന്നതാണു വാർത്തയുടെ ലീഡ്. എന്നാൽ വാർത്തയിൽ ഒറ്റ കരാറിനെപ്പറ്റിയേ പരാമർശമുള്ളൂ. ‘കരാറുകൾ’ എന്നു വാർത്തയിൽ വെറുതെ  ചേർത്തിരിക്കുകയാണെന്നും ചെയർമാൻ അറിയിച്ചു.

ഈ  കരാർ മന്ത്രിസഭായോഗതീരുമാനത്തിലൂടെ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി എന്നാണു പത്രം പറയുന്നത്. അതിനായി 15 – 02 – 2017 ലെ മന്ത്രിസഭാ യോഗത്തിന്റെ പകർപ്പും നൽകിയിട്ടുണ്ട്‌. എന്നാൽ അത്‌ ശരിയല്ല.  നിർമ്മാണം സമയബന്ധിതമായും ഗുണമേന്മയോടെയും നടക്കണമെന്ന താത്പര്യത്തിൽ സർക്കാർ സ്വയം അങ്ങനെ തീരുമാനിച്ചിരുന്നു.  എന്നാൽ  വിവാദങ്ങളിൽ താത്പര്യമില്ലാത്തതിനാൽ ആ പണി ഏറ്റെടുക്കേണ്ടതില്ലെന്നും ഓപ്പൺ ടെൻഡറിലൂടെ ലഭിക്കുകയാണെങ്കിൽ മാത്രം ഏറ്റെക്കുവാനുമാണ് ഊരാളുങ്കൽ തീരുമാനിച്ചത്.

തുടർന്ന്‌  പ്രോജക്‌റ്റിന്റെ   ആദ്യഘട്ടമായ രണ്ടുലക്ഷം ച. അടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണവും ലാൻഡ്‌സ്കേപ്പിങ്ങും ലിഫ്റ്റും എസ്കലേറ്ററും അടക്കമുള്ള സജ്ജീകരണങ്ങളും ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് ഐറ്റി ഇൻഫ്രാസ്റ്റ്രക്‌ചർ ലിമിറ്റഡ് 08 – 02 – 2018-ൽ തുറന്ന ടെൻഡർ ക്ഷണിച്ചു. ഇതിൽ ഊരാളുങ്കൽ സൊസൈറ്റി അടക്കം അഞ്ചു സ്ഥാപനങ്ങൾ പങ്കെടുത്തു. പ്രീക്വളിഫിക്കേഷൻ ആൻഡ് ടെക്‌നോകൊമേഴ്സ്യൽ ബിഡ്ഡിലെ ടെൻഡറുകൾ പരിശോധിച്ചതു കൺസൾട്ടൻസിയാണ്. ഇത്‌ വകുപ്പിന്റെ ടെക്‌നിക്കൽ കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കുകയായിരുന്നു. തുടന്നുള്ള ടെൻഡർ നടപടികളിലാണ് ആ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിക്കു ലഭിക്കുന്നത്.കരാർ അംഗീകരിച്ചത്‌ 2018 ജൂലൈ 20നാണ്‌.  സൊസൈറ്റി ക്വോട്ട് ചെയ്ത 87,89,74,739 രൂപയായിരുന്നു . നിർമ്മാണകാലാവധി 20 മാസമാണ് അനുവദിച്ചത്.

സി&എജി 2018-ൽ നിയമസഭയിൽ വച്ച റിപ്പോർട്ടിലെ പരാമർശം എന്നാണു വാർത്തയിൽ പറയുന്നത്. അതിൽ സിഎജി വിമർശിച്ചതായി വാർത്തയിൽ പറയുന്നത് മന്ത്രിസഭാ തീരുമാനത്തെയാണ്. എന്നാൽ മന്ത്രിസഭാ തീരുമാനം നടപ്പാക്കിയിട്ടില്ലെന്നും അതുപ്രകാരമല്ല ഊരാളുങ്കൽ സൊസൈറ്റിക്കു കരാർ ലഭിച്ചതെന്നും വ്യക്തമാണ്‌.  സിഎജി റിപ്പോർട്ടിൽ വാർത്തയിൽ പറയുന്നപ്രകാരം പരാമർശം ഉണ്ടെങ്കിൽ അത് സർക്കാർ ഫയലുകൾ പരിശോധിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട മന്ത്രിസഭാതിരുമാനത്തെപ്പറ്റി സിഎജി നടത്തിയ നിരീക്ഷണം ആകാനേ ഇടയുള്ളൂ. അതിനാൽ  വാർത്ത അടിസ്‌ഥാനമില്ലാത്താണ്‌.  അതിൽ പറയുന്ന നിയമലംഘനങ്ങളും നടന്നിട്ടില്ല.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി 95 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനമാണ്. ആ മഹാപാരമ്പര്യത്തിൽ ഏറ്റവുമടിസ്ഥാനമായത് സത്യസന്ധതയും നിയമനിഷ്ഠയുമാണ്.  ഏതൊരു പ്രാഥമികസഹകരണസംഘത്തെയുംപോലെ കോപ്പറേറ്റീവ് നിയമങ്ങളും ഇൻകം ടാക്സ്  നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ  നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവർത്തിക്കുന്ന ഒന്നാണ് ഊരളുങ്കൽ സൊസൈറ്റിയും. അങ്ങനെയുള്ള സൊസൈറ്റിയെ അനാവശ്യവിവാദങ്ങളിൽ വലിച്ചിഴയ്ക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്നും ചെയർമാൻ  വാർത്താകുറിപ്പിൽ അഭ്യർഥിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top