കൊച്ചി > കൊച്ചി ഭരിച്ച മേയർമാർ നിരവധി; എന്നാൽ പദ്ധതിയുടെ വിഴ്‌ചയ്‌ക്കും സ്വന്തം അലംഭാവത്തിനും ഒരുകോടി രൂപ മേയർ തിരിച്ചടയ്‌ക്കണമെന്ന് പെർഫോമൻസ് ഓഡിറ്റിങ്ങിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചത് സ്ഥാനമൊഴിഞ്ഞ മേയർ സൗമിനി ജയിനു മാത്രം.
പാവപ്പെട്ടവരുടെ ഭവനപദ്ധതിയായ റേ നടപ്പാക്കുന്നതിൽ മേയറും യുഡിഎഫ് കൗൺസിലും കാണിച്ച അലംഭാവംമൂലം നഗരസഭയ്‌ക്ക് നഷ്‌ടമായ ഒരുകോടി രൂപ മേയർ തിരിച്ചടയ്‌ക്കണമെന്നാണ് നോട്ടീസ്. പശ്ചിമകൊച്ചിയിലെ 398 കുടുംബങ്ങൾക്കായി രാജീവ് ആവാസ് യോജന (റേ) പദ്ധതിപ്രകാരം തുരുത്തിക്കോളനിയിൽ 12 നിലകളുള്ള രണ്ട് ഭവന സമുച്ചയത്തിനായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തത്. എന്നാൽ സമയപരിധി അവസാനിച്ചിട്ടും പൂർത്തീകരിക്കാതെ പിൻമാറിയ കരാറുകാരന് 99 ലക്ഷം രൂപയുടെ ഡെപ്പോസിറ്റ് തുക തിരിച്ചുനൽകിയത് മേയർ സൗമിനി ജയിൻ മുൻകൂർ അനുമതി നൽകിയിട്ടാണ്. ഇതിനെതിരെ പരാതി ഉയരുകയും സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്‌തിരുന്നു. തുകയുടെ ഉത്തരവാദിത്തം മേയറും സെക്രട്ടറിയും ചേർന്ന് ഏറ്റെടുക്കണമെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഇതനുസരിച്ചാണ് നോട്ടീസ് ലഭിച്ചത്.
കോർപറേഷന്റെ സ്വന്തം ആസ്ഥികൾ സംരക്ഷിക്കുന്നതിലും മേയറും കൗൺസിലും പരാജയപ്പെട്ടത് പ്രതിപക്ഷത്തും ഭരണപക്ഷത്തും ചർച്ചയായി. എംജി റോഡിലെ 16 സെന്റ് ഭൂമി അന്യാധീനപ്പെടുമ്പോഴും മേയർ നിസംഗ നിലപാടാണ് സ്വീകരിച്ചത്. ഭൂമി അളന്ന് തിട്ടപ്പെടുത്താനോ ഫെൻസിങ് സ്ഥാപിക്കാനോ മേയർ നടപടി സ്വകീരിച്ചില്ല. കൈയേറ്റക്കാർക്ക് കോടതിയിൽ പോകാൻ അവസരം ലഭിക്കുംവിധം എല്ലാ നടപടികളിലും കാലതാമസമുണ്ടാക്കി. ഒടുവിൽ ഭരണമൊഴിയാറായപ്പോൾ കൗൺസിലിൽ ബഹളത്തെ തുടർന്ന് കൗൺസിലർമാരും ഉദ്യോഗസ്ഥരുമുൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല.
ഫോർട്ടുകൊച്ചിയിലെ കോക്കേഴ്‌സ് തിയറ്റർ ഏറ്റെടുക്കുന്നതിലും കാലതാമസം വരുത്താനും മേയർക്ക് കഴിഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിലും നിരവധി പ്രതികൂലമായ പരാമർശങ്ങളാണ് യുഡിഎഫ് ഭരണസമിതി നേരിട്ടത്. കൊച്ചി നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമായിരുന്ന സ്വച്ഛ് ഭാരത് മിഷന്റെ 41 കോടി രൂപയുടെ പദ്ധതിയും നഷ്ടമാക്കി. കോവിഡ് നേരിടുന്നതിൽ കേരളം നേടിയ മികച്ച മാതൃക ഏവരും ചർച്ച ചെയ്തതാണ്. എന്നാൽ നഗരസഭാ അധികൃതർ കാണിച്ച അലംഭാവം വലിയ അവമതിപ്പാണ് ഉണ്ടാക്കിയത്.
സർക്കാർ മാർഗനിർദേശം നൽകിയിട്ടും എഫ്‌എൽടിസി തുടങ്ങാൻപോലും തയ്യാറാകാതെ വന്നപ്പോൾ കലക്ടർ ഇടപെട്ടാണ് തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..