ന്യൂഡൽഹി > കൊടുംതണുപ്പിലും പൊലീസ് അതിക്രമങ്ങളിലും ആവേശം ഒരുതരി ചോരാതെ രാപകൽ സജീവമാണ് സിൻഘു സമരകേന്ദ്രം. മുദ്രാവാക്യങ്ങൾ, പടപ്പാട്ടുകൾ, ദേശഭക്തിഗാനങ്ങൾ, നാടൻപാട്ടുകൾ എന്നിവ അലിഞ്ഞുചേർന്നതാണ് അന്തരീക്ഷം. ഇടയ്‌ക്കിടെ നേതാക്കളുടെ പ്രസംഗവും വാദ്യമേളങ്ങളുടെ അകമ്പടിയിൽ യുവാക്കളുടെ നൃത്തവും ആവേശം കൂട്ടുന്നു. നാലാം നാളിലും ഓരോ മണിക്കൂറും കൂടുതൽ കർഷകരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തിയായ സിൻഘുവിൽ തമ്പടിച്ചിരിക്കുന്നത്. ഭക്ഷണം കർഷകർ സ്വയം പാകം ചെയ്യുകയാണ്. പ്രദേശവാസികളുടെയും വ്യാപാരികളുടെയും സഹായവും ലഭിക്കുന്നു. മാസങ്ങൾ തങ്ങാനുള്ള തയ്യാറെടുപ്പോടെയാണ് സമരഭടൻമാർ എത്തിയത്. ആട്ടയും എണ്ണയും സവാളയും പച്ചക്കറികളും പാചകവാതക സിലിൻഡറുകളും അവർ കൊണ്ടുവന്നു. തണുപ്പകറ്റാൻ കത്തിക്കാനായി വിറക് അടക്കം കരുതിയിട്ടുണ്ട്.
ടെന്റ് കെട്ടാനുള്ള സാമഗ്രികളും കിടക്കകളും ട്രാക്ടർ ട്രോളികളിലും ട്രക്കുകളിലും ഇതര വാഹനങ്ങളിലും എത്തിച്ചു. എത്ര മാസം വേണമെങ്കിലും പ്രക്ഷോഭം തുടരാനുള്ള തയ്യാറെടുപ്പിലാണ് വന്നിട്ടുള്ളതെന്ന് കർഷകർ ഓർമിപ്പിച്ചു. പലരും കുടുംബസമേതമാണ് വന്നത്. കുഞ്ഞുങ്ങളും വയോധികരുമുണ്ട്. പതിനായിരത്തോളം സ്‌ത്രീകളും പ്രക്ഷോഭത്തിനു കരുത്തുപകരുന്നു. മോഡിസർക്കാരിന്റെ നയങ്ങളുടെ പ്രത്യാഘാതം സ്‌ത്രീകളെയാണ് കൂടുതൽ ബാധിക്കുകയെന്ന് വനിതാ നേതാക്കളിൽ ഒരാളായ ഹരീന്ദർ ബിന്ദു പറഞ്ഞു. കർഷകരുടെ വരുമാനം കുറഞ്ഞാൽ കുടുംബങ്ങളെ ബാധിക്കും. സ്‌ത്രീകൾ ദുരിതത്തിലാകും. മതിയായ ഭക്ഷണംപോലും കിട്ടാതാകും–-30 വർഷമായി കർഷകയായ ബിന്ദു പറഞ്ഞു.
മോഡിസർക്കാർ മൂന്ന് കാർഷിക ഓർഡിനൻസ് കൊണ്ടുവന്നതുമുതൽ കർഷകർ പ്രക്ഷോഭത്തിലാണ്. ഇവയ്‌ക്ക് പകരമുള്ള ബില്ലുകൾ പാർലമെന്റിൽ പാസാക്കിയെടുത്തതോടെ സമരം കരുത്താർജിച്ചു. മാസങ്ങളായി തുടരുന്ന പ്രക്ഷോഭം ഇവരുടെ പോർവീര്യവും നിശ്ചയദാർഢ്യവും വളർത്തി. നിയമങ്ങൾ പിൻവലിക്കാതെ പിന്തിരിയില്ലെന്ന് കർഷകർ ആവർത്തിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..