പാലക്കാട് > "പേടിക്കാതെടാ ഇഎംഎസ് മന്ത്രിസഭ കയറിയ അന്നു തൊട്ടുള്ള ബന്ധമാണ് ഇന്നും മാറില്ല, നിന്നെ മറക്കൊന്നുല്ല്യാ". സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ പൊന്നുവേട്ടന്റെ വാക്കുകൾ. പഞ്ചായത്തിലെ പതിമൂന്നാം വർഡ് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ദീപ സുമേഷിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കിടയിലാണ് സ്ഥാനാർഥിക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ആവേശകരമായ വാക്കുകൾ. വീഡിയോ ഇതിനോടകം വലിയ തോതിൽ പ്രചരിച്ച് കഴിഞ്ഞു.
വോട്ടഭ്യർത്ഥിച്ച് ചെല്ലുന്ന സ്ഥാനാർത്ഥി വീടിന് മുന്നിൽ നിൽക്കുന്ന പൊന്നുവേട്ടനോട് "പൊന്നോട്ട.. ഞാനാണ്.. മനസ്സിലായ.. ആരാണ്.' എന്ന് ചോദിക്കുമ്പോഴാണ് മറുപടിയായി തന്റെ ഇത്രയും കാലത്തിനിടക്കുള്ള രാഷ്‌ട്രീയ അനുഭാവവും ഉറച്ച മനസ്സും പൊന്നേട്ടൻ ഒറ്റ വരിയിൽ പറയുന്നത്. "പേടിക്കാതെടാ, ഇഎംഎസ് മന്ത്രിസഭ കയറിയ അന്നു തൊട്ടുള്ള ബന്ധമാണ്.. ഇന്നും മാറില്ല.. നിന്നെ മറക്കൊന്നുല്ല്യാ.. പൊയ്‌ക്കോ'. വാക്കുകൾ സമൂഹമാധ്യമങ്ങൾ ഒന്നാകെ ഏറ്റെടുത്ത് കഴിഞ്ഞു. പൊന്നേട്ടനെപ്പോലുള്ളളവരാണ് തങ്ങളുടെ കരുത്തും ആവേശവും എന്ന് ഇടതുപക്ഷ അനുഭാവികൾ അടിവരയിടുന്നു.
വീഡിയോ പകർത്തിയ ആഹ്ലാദിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
കോവിഡിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഓൺലൈൻ പ്രമോഷനുകൾക്കുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ ഹൗസായ ഒനിയൻ ഫിലിംസിന്റെ ബാനറിൽ ഒരുക്കുന്ന തിരക്കുകളിലായിരുന്നു...
മഹാമാരി വരുത്തി വെച്ച സാമ്പത്തിക പരിമിതികൾക്കുള്ളിൽ തന്നെ ഒതുക്കിയാണ് ചിത്രീകരണങ്ങൾ നടത്തിയത്. പ്രത്യേകിച്ചും ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ അത്തരം ഘടകങ്ങൾക്ക് മുൻഗണനയുണ്ടാവാറില്ല എന്ന് പലർക്കുമറിയാം.
ഒന്നിച്ചൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്കിടയിൽ ആവേശമാകുന്ന കാഴ്ചകൾ നല്കുന്ന ഊർജ്ജം എല്ലാറ്റിനും ഉപരിയാണ്....
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ദീപ സുമേഷിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ അവിചാരിതമായി പകർത്തിയ ഇത്തരം നിമിഷങ്ങളെപ്പോലെ അമൂല്യവും...
ഒരു നെരുദക്കവിതയുടെ വരികൾ ഓർമ്മിച്ചു കൊണ്ട് ആ ഗ്രാമീണനെ നെഞ്ചോട് ചേർത്ത് വീഡിയോ ഭാഗം ഇവിടെ സമർപ്പിക്കുന്നു..
അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി...
ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി.
എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ
നീ എന്നെ പഠിപ്പിച്ചു........
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാൽ, ഇനിമേൽ ഞാൻ
എന്നിൽത്തന്നെ ഒടുങ്ങുന്നില്ല...
റെഡ് സല്യൂട്ട്!.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..