ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് ഒതുക്കിയ കേസിൽ അന്വേഷണത്തിന് കോടതി ഉത്തരവ്. യമുനാവിഹാർ സ്വദേശി സലീമിന്റെ പരാതിയിലാണ് കേസെടുക്കാൻ മെട്രോപൊളിറ്റൻമജിസ്‌ട്രേട്ട് ഉത്തരവിട്ടത്. ദൃശ്യമുൾപ്പെടെ തെളിവ് നൽകിയിട്ടും കേസെടുക്കാത്തതിൽ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. സത്യസന്ധമായ അന്വേഷണം നടത്താൻ ജാഫ്രാബാദ് സ്‌റ്റേഷൻഹൗസ് ഓഫീസറോട് കോടതി നിർദേശിച്ചു.
കലാപം നടന്ന ഫെബ്രുവരി 24ന് അയൽക്കാരായ സുഭാഷ്‌ത്യാഗിയും അശോക്‌ത്യാഗിയും വീട് ആക്രമിച്ചെന്നാണ് സലീമിന്റെ പരാതി. വീടിന് നേരെ വെടിയുതിർക്കുകയും പെട്രോൾബോംബെറിയുകയുംചെയ്തു. മാർച്ച് ഒന്നിന് ജാഫ്രാബാദ് സ്‌റ്റേഷനിലും മാർച്ച് 17ന് ഡിസിപിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കലാപത്തിൽ പങ്കെടുത്തെന്ന് ആരോപിച്ച് സലീമിനെതിരെ കേസെടുക്കുകയും ചെയ്‌തു.
പരാതിക്കൊപ്പം സലീം നൽകിയ ദൃശ്യം പരിശോധിച്ചതിൽനിന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വടക്കുകിഴക്കൻ ഡൽഹി ഡിസിപി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. കലാപത്തിനിടെ പർവേസ് എന്നയാളെ കൊന്ന കേസിൽ പ്രതിയായ സുപ്രീംമഹേശ്വരി അടക്കമുള്ളവരും ആക്രമത്തില്‍ പങ്കെടുത്തതായി സലീമിന്റെ പരാതിയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..