തിരുവനന്തപുരം > ഡിസംബര്‍ 1 മുതല്‍ കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ പൂര്‍ണ്ണമായും നിരോധിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. സിസ്റ്റത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, ഡിസംബര്‍ 3ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, ഡിസംബര്‍ 4ന് തിരുവനതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലുംഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ 1ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും, ഡിസംബര്‍ 2ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും, ഡിസംബര്‍ 4ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..