29 November Sunday

കെഎസ്എഫ്ഇ: വിജിലന്‍സ് അന്വേഷണത്തില്‍ എതിര്‍പ്പില്ല: മന്ത്രി തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

ആലപ്പുഴ > കെഎസ്എഫ്ഇയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. എന്നാല്‍ ഒരു ധനകാര്യ സ്ഥാപനത്തെ താറടിക്കുന്ന രീതിയലാകരുത് അന്വേഷണം. കെഎസ്എഫ്ഇയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയലാണ് എതിരാളികള്‍ റെയ്ഡിനെ ഉപയോഗിക്കുന്നത്. കെഎസ്എഫ്ഇ തകര്‍ന്നാല്‍ അതിന്റെ ഗുണം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും  രാഷ്ട്രീയ എതിരാളികള്‍ക്കുമാണ്- അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിജിലന്‍സ് അന്വേഷണം നടത്തുന്നത് സര്‍ക്കാര്‍ അറിയണമെന്നില്ല. ഏജന്‍സികള്‍ക്ക് അതിനുള്ള സ്വയംഭരണ അവകാശമുണ്ട്. ഓരോ കാര്യവും മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിയണമെന്നില്ല. അന്വഷണത്തിനുശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുന്നു,  ആവശ്യമെങ്കില്‍ അത് സ്വീകരിക്കുന്നു. ഇതൊക്കെ സ്വാഭാവികമായ നടപടിക്രമങ്ങള്‍ മാത്രമാണ്. എന്നാലിതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് അസ്വാഭാവിക നടപടി. പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രി  വി മുരളീധരനും  'ഇപ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും കിട്ടുമെന്ന്' പറഞ്ഞിരിക്കുകയാണ്.

ധനകാര്യ പരിശോധനാ വിഭാഗവും സിആന്‍ഡ്എജിയും നേരത്തെ കെഎസ്എഫ്ഇയില്‍ പരിശോധന നടത്തിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് മാധ്യമങ്ങളിലൂടെയല്ല. എന്നാല്‍ വിജലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ ചിലകാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുമ്പാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇത് എങ്ങിനെ സംഭവിച്ചുവെന്നത് അന്വേഷിക്കണം.

'വിവാദത്തിനായി ചിലര്‍ അന്വേഷണത്തെ ഉപയോഗിക്കുന്നു. വിജിലിന്‍സ് അന്വേഷണം  കേന്ദ്ര ഏജന്‍സിക്ക് വഴിതുറക്കുന്നതാണെന്നാണ് ചിലരുടെ ഭാവന. ഇഡിയെ വിടാം എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ മനപായസം ഉണ്ണുന്നുണ്ട്. അദ്ദേഹം വിദേശകാര്യ സഹമന്ത്രി എന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ കേരളത്തിലെ ഏതു വിഷയത്തിലും ഏതു വകുപ്പിലും ഇടപെടാമെന്നാണ് മുരളീധരന്റെ ഭാവം. പദവികളിലെത്തുമ്പോള്‍ സ്വന്തം പാരമ്പര്യവും ജനപിന്തുണയും മറക്കുകയാണ് ചിലര്‍'-- അദ്ദേഹം പറഞ്ഞു.

ജനങ്ങളാണ് എറ്റവും വലിയ ശക്തി. ജനം കൂടെയുണ്ടെങ്കില്‍ പൊലീസിനും പട്ടാളത്തിനും ഇഡിക്കും ഒന്നം ചെയ്യാനാകില്ല. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലും ഇത് തന്നെയാണ് കാണുന്നത്. വിജിലന്‍സും അന്വേഷണവുമൊന്നും ജനങ്ങളെ ബാധിക്കുന്ന കാര്യമല്ല. കേരള ജനത സന്തോഷത്തിലാണ്. അത്രയയ്ക്കും ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ശമ്പളത്തിനു മുമ്പ് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു. അരിയും കിറ്റുകളും ലഭിച്ചു. ജനങ്ങള്‍ ആരുടെ കൂടെയാണെന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top