ന്യൂഡൽഹി > കർഷകദ്രോഹ കരിനിയമങ്ങൾക്കെതിരായ പ്രക്ഷോഭം അടിച്ചമർത്താൻ മോഡിസർക്കാർ നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന് അഖിലേന്ത്യ കിസാൻസഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. സിൻഘു സമരകേന്ദ്രത്തിൽ കർഷകരെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കർഷകരെ കൊടിയ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുന്ന നിയമങ്ങളാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈ നിയമങ്ങൾ ചട്ടവിരുദ്ധമായി പാസാക്കുന്നതിനെ എതിർത്തതിന് താനടക്കമുള്ളവരെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. എത്രത്തോളം ജനാധിപത്യവിരുദ്ധമായാണ് മോഡിസർക്കാർ പെരുമാറുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. ഇത് ആരുടെയും സൗജന്യമല്ല. കർഷകരെ ബലംപ്രയോഗിച്ച് തടയുന്ന ഡൽഹി പൊലീസിന്റെ നടപടി അന്യായമാണ്. കർഷകരുടെ സമരവീര്യം ബ്രിട്ടീഷുകാരെപ്പോലും വിറപ്പിച്ചിട്ടുണ്ട്. അവരുടെ പിന്മുറക്കാർക്ക് മുന്നിൽ ബിജെപി സർക്കാർ പരാജയപ്പെടുമെന്നും രാഗേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..