28 November Saturday
സ്‌മിത്ത്‌ തീർത്തു

ഒന്നാം ഏകദിനം: ഇന്ത്യ ഓസീസിനോട്‌ 66 റണ്ണിന്‌ തോറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


സിഡ്‌നി
കോവിഡിനു ശേഷമുള്ള ആദ്യ ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ ടീമിന്‌ പരാജയത്തിന്റെ കയ്‌പ്‌. ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലെ ആദ്യകളിയിൽ 66 റണ്ണിനായിരുന്നു തോൽവി. മുൻ ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്ത്‌ ഓസീസിന്റെ പടനയിച്ചപ്പോൾ 6–-374 റണ്ണാണ്‌ സ്‌കോർ ബോർഡിൽ തെളിഞ്ഞത്‌. ഇന്ത്യക്കെതിരെ ഓസീസിന്റെ മികച്ച സ്‌കോർ. മറുപടിയിൽ ഇന്ത്യ 8–-308ൽ അവസാനിച്ചു. ഹാർദിക്‌ പാണ്ഡ്യയുടെ (76 പന്തിൽ 90) പോരാട്ടമായിരുന്നു ഇന്ത്യയെ 300 കടത്തിയത്‌.  66 പന്തിൽ 105 റണ്ണടിച്ചുകൂട്ടിയ സ്‌മിത്താണ്‌ മാൻ ഓഫ്‌ ദി മാച്ച്‌.

കോവിഡിന്‌ ശേഷം രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി കാണികൾ സ്‌റ്റേഡിയത്തിലെത്തി.ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഓസീസ്‌ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ആഘോഷം നടത്തി. കോവിഡിനു ശേഷമുള്ള ആദ്യ കളിയിൽ ബാറ്റിങ്‌ വിരുന്നായിരുന്നു കാണികൾക്ക്‌ കിട്ടിയത്‌. സ്‌മിത്തിനൊപ്പം ക്യാപ്‌റ്റൻ ആരോൺ ഫിഞ്ച്‌ (124 പന്തിൽ 114), ഡേവിഡ്‌ വാർണർ (76 പന്തിൽ 69), ഗ്ലെൻ മാക്‌സ്‌വെൽ (19 പന്തിൽ 45 റൺ) എന്നിവർ തകർത്തടിച്ചു. ഇന്ത്യക്കുവേണ്ടി മുഹമ്മദ്‌ ഷമി മൂന്നു വിക്കറ്റെടുത്തു.

മറുപടിക്കെത്തിയ ഇന്ത്യയെ ജോഷ്‌ ഹാസെൽവുഡ്‌ തളർത്തി. മായങ്ക്‌ അഗർവാൾ (18 പന്തിൽ 22), ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി (21 പന്തിൽ 21), ശ്രേയസ്‌ അയ്യർ (2 പന്തിൽ 2) എന്നിവരെ ക്ഷണനേരം കൊണ്ട്‌ ഹാസെൽവുഡ്‌ കൂടാരത്തിലേക്ക്‌ പറഞ്ഞുവിട്ടു. ലോകേഷ്‌ രാഹുലിനെ (15 പന്തിൽ 12) ആദം സാമ്പയും പുറത്താക്കിയതോടെ ഇന്ത്യ 4–-101 എന്ന നിലയിലായി. ശിഖർ ധവാൻ  (86 പന്തിൽ 74)–-പാണ്ഡ്യ സഖ്യമാണ്‌ കരകയറ്റിയത്‌.

ഇരുവരെയും മടക്കി സാമ്പ ഓസീസിന്‌ അനായാസജയം നൽകി. സാമ്പ നാലു വിക്കറ്റെടുത്തു. രണ്ടാം മത്സരം സിഡ്‌നിയിൽ ഞായാറഴ്‌ച നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top