28 November Saturday
പഞ്ചാബ്‌, ഹരിയാന, മധ്യപ്രദേശ്‌ കർഷകർ ഡൽഹിയിൽ പ്രവേശിച്ചു

ഡൽഹി കീഴടക്കി ; കർഷകർ വീറോടെ മുന്നോട്ട്‌

സാജൻ എവുജിൻUpdated: Saturday Nov 28, 2020


ന്യൂഡൽഹി
കർഷകപ്പോരാളികൾ രാജ്യതലസ്ഥാനത്ത്‌. നേരിടാൻ സായുധസൈന്യത്തെ അണിനിരത്തിയ കേന്ദ്രസർക്കാർ ഒടുവിൽ അത്യുജ്വല പോരാട്ടവീര്യത്തിനു മുന്നിൽ  മുട്ടുമടക്കി. ‘ഡൽഹി ചലോ’ മാർച്ച്‌ പൊലീസിനെ ഉപയോഗിച്ച്‌ തടയാനുള്ള മോഡി സർക്കാരിന്റെ ശ്രമം പാളി. കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നടപടികളെ ഡൽഹി സർക്കാർ എതിർത്തതും ബിജെപിക്ക്‌ തിരിച്ചടിയായി.

കേന്ദ്രത്തിന്റെ കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾക്കും വൈദ്യുതിബില്ലിനും എതിരെ പോരാടുന്ന പഞ്ചാബ്‌, ഹരിയാന, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ ഡൽഹിയിൽ പ്രവേശിച്ചു. ഉത്തർപ്രദേശ്‌ അടക്കം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ശനിയാഴ്‌ച ഡൽഹിയിൽ എത്തും. ഡൽഹി ബുരാഡിയിലെ നിരങ്കരി ഗ്രൗണ്ട്‌ പ്രതിഷേധവേദിയായി ഉപയോഗിക്കാൻ പൊലീസ്‌ അനുമതി നൽകി. പ്രതിഷേധത്തിന്‌ അനുമതി നൽകില്ലെന്നും ഒമ്പത്‌ സ്‌റ്റേഡിയത്തെ താൽക്കാലിക ജയിലുകളാക്കി  കർഷകരെ അടയ്‌ക്കുമെന്നും പൊലീസ്‌ നേരത്തേ പ്രഖ്യാപിച്ചു. ഈ തീരുമാനം അംഗീകരിക്കില്ലെന്ന്‌ ഡൽഹിയിലെ എഎപി സർക്കാർ വ്യക്തമാക്കിയതോടെ പൊലീസിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പിന്തിരിയേണ്ടിവന്നു.

ഡൽഹി, ഹരിയാന പൊലീസുകളുടെ നിർദയവും പ്രാകൃതവുമായ അടിച്ചമർത്തൽ നടപടികൾ സധൈര്യം  നേരിട്ടാണ്‌ കർഷകർ  ഡൽഹിയിൽ‌ പ്രവേശിച്ചത്‌. അതിർത്തികളിൽ കണ്ടെയ്‌നർ ട്രക്കുകളും ക്രെയിനുകളും വിന്യസിച്ചും കോൺക്രീറ്റ്‌ ബാരിക്കേഡുകളും കൂറ്റൻ കല്ലുകളും നിരത്തിയും മുള്ളുവേലി കെട്ടിയും കർഷകരെ തടയാൻ ശ്രമിച്ചു. പല റൗണ്ട്‌ കണ്ണീർവാതകം പ്രയോഗിച്ചു. കൊടും തണുപ്പിൽ മരവിച്ച കാലാവസ്ഥയിൽ മണിക്കൂറുകൾ ജലപീരങ്കി വർഷിച്ചു. വയോധികർ അടക്കമുള്ള കർഷകർ ഇതെല്ലാം മറികടന്നാണ്‌ മുന്നേറിയത്‌. കിസാൻസഭാ നേതാക്കളായ ബാദൽ സരോജ്‌, ഫൂൽസിങ്‌, സുമിത്‌, കർഷകത്തൊഴിലാളിയൂണിയൻ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി വിക്രം സിങ്‌ എന്നിവർ നേതൃത്വത്തിലുണ്ട്‌.

അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ്‌ മാർച്ച്‌ നയിക്കുന്നത്‌. ജന്തർമന്ദറിൽ  വർഗബഹുജനസംഘടനകളുടെ നേതൃത്വത്തിൽ അനുഭാവപ്രകടനം നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധപരിപാടികൾ നടന്നു.

കേരളത്തിന്റെ ഐക്യദാർഢ്യം
രാജ്യതലസ്ഥാനത്തേക്ക്‌ തിളച്ചെത്തുന്ന കർഷക മാർച്ചിന്‌ കേരളത്തിന്റെ ഐക്യദാർഢ്യം. കർഷകപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള മോഡി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചും കർഷകരുടെ പാർലമെന്റ്‌ മാർച്ചിന്‌ പിന്തുണ അറിയിച്ചും സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച കർഷക മാർച്ചിൽ ആയിരങ്ങൾ പങ്കാളിയായി. സംസ്ഥാനത്തെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ ഇരമ്പിയെത്തിയ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച്‌ പ്രതിഷേധം അറിയിച്ചു. സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.
തിരുവനന്തപുരം പിഎംജിയിൽ ചീഫ്‌ പോസ്‌റ്റ്‌ മാസ്‌റ്റർ ജനറൽ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻനായർ, ജോയിന്റ്‌ സെക്രട്ടറി വി എസ്‌ പത്മകുമാർ എന്നിവർ സംസാരിച്ചു.

ജിപിഒക്ക്‌ മുന്നിൽ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, ടി എസ്‌ ബിനുകുമാർ, സുനിൽകുമാർ, അഡ്വ. മോഹന ചന്ദ്രൻ, വേളാവൂർ ചന്ദ്രശേഖരൻ, ജഗതി ബാബു, പേട്ട വിജയൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top