ന്യൂഡൽഹി > രാജ്യത്തെ കർഷകരുടെ ശബ്ദം കേൾക്കണമെന്നും പ്രക്ഷോഭം അടിച്ചമർത്താനുള്ള നടപടികളിൽനിന്ന് പിന്തിരിയണമെന്നും കേന്ദ്രസർക്കാരിനോട് എട്ട് രാഷ്ട്രീയപാർടികൾ സംയുക്തപ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷയും മിനിമം താങ്ങുവിലയും അവസാനിപ്പിക്കുകയും അന്നദാതാക്കളായ കർഷകരെ ദ്രോഹിക്കുകയും ചെയ്യുന്ന കാർഷികനിയമങ്ങൾ പിൻവലിക്കണം. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം ജനാധിപത്യപരമായ പ്രക്രിയയും മാനദണ്ഡങ്ങളും സ്വീകരിക്കണം–-പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ഡിഎംകെ ട്രഷറർ ടി ആർ ബാലു, ആർജെഡി നേതാവ് പ്രൊഫ. മനോജ് ഝാ എംപി, സിപിഐ എംഎൽ–- ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവരാണ് പ്രസ്‌താവന പുറപ്പെടുവിച്ചത്.
കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാൻ യുദ്ധസമാനമായ നടപടികളാണ് സർക്കാരും പൊലീസും സ്വീകരിക്കുന്നത്. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചും റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും കിടങ്ങുകൾ നിർമിച്ചും കർഷകരെ തടയാനാണ് ശ്രമിച്ചത്. കർഷകരുടെ നിശ്‌ചയദാർഢ്യത്തിനു മുന്നിൽ സർക്കാരിനു പിന്തിരിയേണ്ടിവന്നു. എന്നാൽ പതിനായിരക്കണക്കിനു കർഷകർക്ക് പ്രതിഷേധിക്കാൻ അനുവദിച്ച ഗ്രൗണ്ട് തീരെ ചെറുതാണ്.
കർഷകർക്ക് തങ്ങാനും ഭക്ഷണം പാചകം ചെയ്യാനും സൗകര്യം ലഭിക്കുന്ന വിധത്തിൽ രാംലീല മൈതാനമോ ഇതുപോലെ വിസ്‌തൃതിയുള്ള മറ്റേതെങ്കിലും സ്ഥലമോ അനുവദിക്കണം–-പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..