28 November Saturday

ബിജെപിയെക്കുറിച്ച്‌ മിണ്ടാത്തതെന്ത് ; യുഡിഎഫിനോട് വിജയരാഘവന്‍ ; ഓർഡിനൻസ്‌ റദ്ദാക്കൽ:സദുദ്ദേശ്യത്തോടെയുള്ള തീരുമാനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


ബിജെപി നിലപാടുകൾ ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച്‌ പരാമർശിക്കാൻപോലും കഴിയാത്ത ഭീരുത്വമാണ്‌ യുഡിഎഫിനെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. എൽഡിഎഫ്‌ സർക്കാരിനെ അർഥരഹിതമായി കുറ്റപ്പെടുത്തുന്ന യുഡിഎഫ്‌ പ്രകടനപത്രികയിൽ ബിജെപി എന്ന വാക്കുപോലുമില്ല.
യുഡിഎഫിന്റെ അസ്‌തിത്വത്തെ ചോദ്യംചെയ്യുന്ന പ്രചാരവേല ബിജെപിയിൽനിന്ന്‌ വന്നാലെങ്കിലും നിശ്ശബ്ദത വെടിയണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫ്‌ നേതൃത്വത്തിന്‌ വന്നുചേർന്ന നിർഭാഗ്യകരമായ പതനവും ദൗർബല്യവുമാണ് ഇത്‌. കേരളത്തിൽ ഒരിടത്തും തെരഞ്ഞെടുപ്പുവേളയിൽ ബിജെപിയെ യുഡിഎഫ്‌ വിമർശിക്കുന്നില്ല. ഒരു നേതാവും ബിജെപിക്കെതിരെ സംസാരിക്കുന്നില്ല. താഴേത്തട്ടിൽ ബിജെപി സഹകരണം ഒപ്പിച്ചെടുക്കാനാണ്‌ ഈ വിധേയത്വ പ്രകടനം. ഏറ്റവും എതിർക്കപ്പെടേണ്ട രാഷ്‌ട്രീയ പാർടിയുമായി സഖ്യമുണ്ടാക്കാൻ ഒരുകാലത്തും കോൺഗ്രസ്‌ നേതൃത്വം മടിച്ചിട്ടില്ല. പാലക്കാട്ട്‌ ഒരു പഞ്ചായത്തിലെ പരസ്യധാരണ പുറത്തുവന്നു. മുമ്പും പല പഞ്ചായത്തിലും ഇത്തരം കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്‌. മറുഭാഗത്ത്‌ വെൽഫയർ പാർടിയുമായും യുഡിഎഫ്‌ രാഷ്‌ട്രീയസഖ്യം ഉണ്ടാക്കുന്നു. ഇന്നത്തെ ദേശീയ സാഹചര്യത്തിൽ അത്യന്തം അപകടരമാണ് ഇത്‌.

ഇത്‌ തിരിച്ചറിഞ്ഞ്‌ തിരുത്തുന്നതിനു പകരം സഹകരണം ഏത്‌ അളവുവരെയാകാം എന്നതിനെക്കുറിച്ചാണ്‌ നേതാക്കൾ തർക്കിക്കുന്നത്‌. അപകടകരമായ രാഷ്‌ട്രീയ സഖ്യങ്ങളിലേക്കാണ്‌ യുഡിഎഫ്‌ പൊയ്‌ക്കൊണ്ടിരിക്കുന്നത്‌. ഏകീകൃത നേതൃത്വമില്ലാതെ വലിയ ആശയക്കുഴപ്പത്തിലാണ്‌ കോൺഗ്രസ്‌. വല്ലാത്ത രാഷ്‌ട്രീയ അധഃപതനമാണ് ഇതെന്നും വിജയരാഘവൻ പറഞ്ഞു.

ഓർഡിനൻസ്‌ റദ്ദാക്കൽ:സദുദ്ദേശ്യത്തോടെയുള്ള തീരുമാനം
അനിവാര്യമായ സാഹചര്യത്തിൽ  സദുദ്ദേശ്യത്തോടെ എടുത്ത തീരുമാനം പ്രാവർത്തികമാക്കിയതിൽ വന്ന പരിമിതികൾ കാരണമാണ്‌ പൊലീസ്‌ നിയമഭേദഗതി ഓർഡിനൻസ്‌ റദ്ദാക്കിയതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. ഇത്തരം കാര്യങ്ങൾ ഓരോഘട്ടത്തിലും പാർടി ചർച്ചചെയ്യുന്നുണ്ട്‌.  പാർടി എന്നത്‌ പാർടി കേന്ദ്രനേതൃത്വം കൂടി ഉൾപ്പെടുന്നതാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ അദ്ദേഹം പ്രതികരിച്ചു.

ശരിയായ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ നിയമം ഉണ്ടാക്കിയപ്പോൾ ഇടതുപക്ഷത്തോട്‌ അനുഭാവം പുലർത്തുന്നവർ അടക്കം ചില വിമർശനം ഉന്നയിച്ചു. അത്‌ പരിശോധിച്ച്‌ തിരുത്തുകയാണ്‌ ചെയ്‌തത്‌. ജാഗ്രതക്കുറവുണ്ടായ സാഹചര്യത്തിലാണ്‌ തിരുത്തിയത്‌. പൊതുവായ ജാഗ്രതക്കുറവാണത്‌. സർക്കാർ ചെയ്‌ത എല്ലാ കാര്യങ്ങളും സമൂഹതാൽപ്പര്യത്തിന്‌ അനുസൃതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാർകോഴയിൽ പ്രതിപക്ഷനേതാവിനെതിരായ്‌ ഉയർന്ന ആക്ഷേപം വസ്തുതാപരമാണ്‌. ഞങ്ങളാരും രാഷ്‌ട്രീയമായി ഉന്നയിച്ചതല്ല. ഏതെങ്കിലും സിപിഐ എം നേതാവ്‌ പണം വാങ്ങിയെന്ന്‌ ആക്ഷേപമുണ്ടോയെന്നും വിജയരാഘവൻ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top