27 November Friday

VIDEO: 'ഭഗത് സിംഗ് അടക്കമുള്ള രക്തസാക്ഷികള്‍ പൊരുതിയ പോലെ അവകാശങ്ങള്‍ക്കായി നമ്മള്‍ പോരാടുകയാണ്‌' ; കര്‍ഷകര്‍ക്ക് ആവേശമായി യുവ നേതാവിന്റെ പ്രസംഗം

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

ന്യൂഡല്‍ഹി > ബിജെപി സര്‍ക്കാരിനാകെ കൊറോണയാണെന്നും ആ കൊറോണ മാറ്റാനുള്ള മരുന്ന് കര്‍ഷകരുടെ കൈവശമുണ്ടെന്നും  ഹരിയാന കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി സുമിത് സിംഗ്. ജാതിയുടേയും മതത്തിന്റെയും പേരില്‍ സര്‍ക്കാരിന് കര്‍ഷകരെ വിഭജിക്കണമെന്നും പരസ്പരം തമ്മിലടിപ്പിക്കുക എന്നത് ആര്‍എസ്എസിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

  ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച സുമിത് സിംഗിന്റെ വാക്കുകള്‍ പോരാളികളുടെ  ആവേശം ഇരട്ടിയാക്കി. കേന്ദ്രസര്‍ക്കാരിനെതിരായ യുവ നേതാവിന്റെ  ശക്തമായ വാക്കുകള്‍ സമരക്കാര്‍ മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്.

സുമിത് സിംഗിന്റെ വാക്കുകള്‍



'ഭഗത് സിംഗ് പോരാടിയ പോലെ, നമ്മുടെ രക്തസാക്ഷികള്‍ പോരാടിയ പോലെ, അവകാശങ്ങള്‍ക്കായി നാം പോരാടുകയാണ്

ഹരിയാന ഉപമുഖ്യമന്ത്രിയെ കാണാനായി കര്‍ഷകരെത്തിയപ്പോള്‍ തനിക്ക് കൊറോണയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പറഞ്ഞു,നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ സര്‍ക്കാരിനാകെ കൊറോണയാണ്. ഇത്തരം കൊറോണ മാറ്റാനുള്ള മരുന്ന് കര്‍ഷകരുടെ കൈവശമുണ്ട്

 കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് നിങ്ങള്‍ പറയുന്നു.ഇപ്പോഴിതാ പതിനായിരക്കണക്കിന് കര്‍ഷകര്‍ എത്തുകയാണ്. ഭരണകൂടത്തിന്റെ ശക്തിയെ ഞങ്ങള്‍ക്ക് ഭയമില്ല. ആഴ്ച്ചകളും മാസങ്ങളും ഈ സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള റേഷന്‍ ഞങ്ങള്‍ കരുതിയിട്ടുണ്ട്. ഞങ്ങള്‍ക്ക് വഴി കാണിച്ചുതരുന്ന പഞ്ചാബിലെ കര്‍ഷകരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

നമ്മുടെ പോരാട്ടം വലിയ ശക്തി സംഭരിച്ചു.  അതിനാല്‍ ജാതിയുടേയും മതത്തിന്റെയും പേരില്‍  സര്‍ക്കാരിന് നമ്മെ വിഭജിക്കണം, പരസ്പരം തമ്മിലടിപ്പിക്കണം. ആര്‍എസ്എസിന്റെ അജണ്ട അതാണ്. കര്‍ഷകര്‍ ഒരുമിച്ച്  നിലത്തില്‍ പണിയെടുക്കുന്നു, അതുപോലെ നാം ഒരുമിച്ച് സമരം ചെയ്യുന്നു.  ജാതിയുടേയും മതത്തിന്റെയും പേരില്‍ നാം തമ്മിലടിക്കില്ല. കഴിഞ്ഞ ദിവസം നിങ്ങള്‍ തോറ്റു,ഇന്നും നിങ്ങള്‍ തോല്‍ക്കും,

നമ്മള്‍ പൊരുതും, നമ്മള്‍ വിജയിക്കും. വിപ്ലവം ജയിക്കട്ടെ'





ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top