27 November Friday

ഭക്ഷ്യകിറ്റ് പൂഴ്‌ത്തിവയ്പ്‌: കോൺഗ്രസിൽ അടിയോടടി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


നിലമ്പൂർ
രാഹുൽ ​ഗാന്ധി എംപി നൽകിയ ഭക്ഷ്യകിറ്റ് പ്രളയദുരിതബാധിതർക്ക് നൽകാതെ പൂഴ്‌ത്തിവച്ചതിനെതിരെ കോൺ​ഗ്രസിൽ തർക്കം രൂക്ഷം. എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശിന്റെ പക്ഷക്കാരായ നേതാക്കൾ ആര്യാടൻ ഷൗക്കത്ത്‌ പക്ഷത്തിനെതിരെ ശക്തമായി രംഗത്തുവന്നു. രൂക്ഷമായ ഭാഷയിലാണ്‌  വി വി പ്രകാശ്‌  പ്രതികരിച്ചത്‌. സംഭവത്തിനുത്തരവാദി ആരായാലും കർശന നടപടി സ്വീകരിക്കുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

സംഭവം കോൺ​ഗ്രസിന് അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച്  ഐ ​ഗ്രൂപ്പ് വിഭാ​ഗക്കാരായ സേവ് കോൺ​ഗ്രസ് പ്രവർത്തകരും രംഗത്തെത്തി. എ ഗ്രൂപ്പുകാരായ ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ എ ​ഗോപിനാഥിനും മുനിസിപ്പൽ കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ പാലോളി മെഹബൂബിനും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാവില്ലെന്ന് ഇവർ പറഞ്ഞു. രണ്ടുപേരെയും തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ കെപിസിസിയോട് ആവശ്യപ്പെട്ടതായി ഐ ഗ്രൂപ്പുകാരായ കെ രജീന്ദ്രബാബു, ഉലവാൻ ബാബു എന്നിവർ പറഞ്ഞു.

യുഡിഎഫ് നഗരസഭാ സ്ഥാനാർഥികളായ ഇവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ പാടില്ലെന്നാണ്‌ ഐ ഗ്രൂപ്പിന്റെ പക്ഷം. ആര്യാടൻ ഷൗക്കത്ത് പക്ഷക്കാരായ എ ​ഗോപിനാഥിനെതിരെയും പാലോളി മെഹ്ബൂബിനെതിരെയും എ ​ഗ്രൂപ്പിലെ വി വി പ്രകാശ് പക്ഷക്കാരും രംഗത്തുണ്ട്‌. ഇരുവരും കോൺ​ഗ്രസിന് അപമാനമുണ്ടാക്കിയെന്ന്‌ വി വി പ്രകാശ്‌  പക്ഷം പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിറ്റ് പൂഴ്‌ത്തിവയ്പ് പ്രവർത്തകർക്കിടയിലും അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.  മുസ്ലിംലീ​ഗിനും കിറ്റ് വിവാദത്തിൽ അതൃപ്തിയുണ്ട്. എന്നാൽ മുതിർന്ന നേതാവ്‌ ആര്യാടൻ മുഹമ്മദ്‌ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.  വിവാദം മു‌റുകുമ്പോഴും ഭക്ഷ്യകിറ്റുകൾ കടമുറിയിൽനിന്ന് മാറ്റാനോ വസ്ത്രങ്ങൾ അടക്കം വിതരണംചെയ്യാനോ കോൺ​ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top