KeralaLatest NewsNews

വീണ്ടും പിഴവ്; ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കൈപ്പിഴ. പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടി. ഇതോടെ ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ വലിയതുറ സ്വദേശിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഇപ്പോൾ. സംഭവത്തിൽ പരാതി കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം.

വലിയതുറ സ്വദേശി 22 വയസുള്ള അല്‍ഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. സിസേറിയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വേദനക്ക് കുറവില്ലാതെ വന്നതോടെ ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തി ആഴ്ച ഒന്ന് കഴിഞ്ഞപ്പോൾ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥയായി. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ സ്കാനിങ്ങിന് വിധേയയാക്കി. അപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ട് കണ്ടത്. മാത്രമല്ല അണുബാധയുമുണ്ടായി.

എസ്എടി ആശുപത്രിലെത്തിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. ആദ്യം കീ ഹോള്‍. അത് ഫലം കാണാതെ വന്നതോടെ വയര്‍ കീറി എല്ലാം പുറത്തെടുത്തു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതരുടെ വെല്ലുവിളി.

19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി ആരോഗ്യം മോശമായ അല്‍ഫിനക്ക് ഇപ്പോൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടാണ്. ശസത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button