27 November Friday

ഹണിട്രാപ്: രാജസ്ഥാൻ സ്വദേശികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


തിരുവനന്തപുരം
സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച്  ഹണിട്രാപ്പ് വഴി പണം തട്ടിവരുന്ന രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. രാജസ്ഥാനിലെ കാമൻ സ്വദേശികളായ സുഖ്ദേവ് സിങ്‌ (26), നഹർസിങ്‌ (34) എന്നിവരാണ്‌ രാജസ്ഥാനിൽനിന്ന്‌ അറസ്റ്റിലായത്‌.

തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിന്റെ അന്വേഷണത്തിലാണ്‌ ഇവരെ പിടികൂടിയത്‌. പ്രതികൾ കോളേജ് വിദ്യാർഥിനി അങ്കിത ശർമ എന്ന പേരിലുള്ള ഫെയ്‌സ്‌ബുക്‌ അക്കൗണ്ടിൽനിന്ന് പരാതിക്കാരന്‌ ഫ്രണ്ട്‌ റിക്വസ്റ്റ്‌ അയച്ച്‌ മെസഞ്ചർ വഴി നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട്‌ സ്വകാര്യ ചിത്രങ്ങൾ കരസ്ഥമാക്കിയശേഷം പൊലീസിൽ പരാതി നൽകുമെന്നും മറ്റുള്ളവർക്ക്‌ അയക്കുമെന്നും ഭീഷണിപ്പെടുത്തി മൊബൈൽ മണി വാലറ്റുകൾ വഴി 10,000 ഓളം രൂപ കരസ്ഥമാക്കിയെന്നായിരുന്നു പരാതി.

പ്രതികളുടെ വാട്സാപ്, ഫെയ്സ്ബുക് അക്കൗണ്ട്, മൊബൈൽ വാലറ്റ് എന്നിവയുടെ ശാസ്ത്രീയ വിശകലനത്തിലൂടെ പ്രതികൾ രാജസ്ഥാനിലെ ഭരത്പുർ ജില്ലയിൽ ഉൾപ്പെട്ട കാമൻ, മേവാത്ത് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തി.

ഡിവൈഎസ്‌പി ടി ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ്‌ അന്വേഷണം നടത്തിയത്‌. ഇൻസ്പെക്ടർ ആർ റോജ്‌, സബ് ഇൻസ്പെക്ടർമാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ, എഎസ്‌ഐ ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാഗ്, വിജേഷ് എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top