തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സർക്കുലർ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് മേധാവിക്കും കലക്ടർമാർക്കും കൈമാറി. പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞുചേരുന്നതുമായ വസ്തുക്കളേ പ്രചാരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക്പേപ്പർ, നൂലുകൾ, റിബണുകൾ എന്നിവ പാടില്ല. പ്ലാസ്റ്റിക്, പിവിസി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ ഉപയോഗിക്കരുത്. തെരഞ്ഞെുപ്പിലെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളി എത്തലീൻ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കണം.
വോട്ടെടുപ്പിന് ശേഷം പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കം ചെയ്യാനും നശിപ്പിക്കാനും അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടിയെടുക്കണം. ജൈവ, അജൈവ വസ്തുക്കൾ വെവ്വേറെ നിക്ഷേപിക്കാൻ സഞ്ചി ലഭ്യമാക്കണം. മാസ്ക്, ഗ്ലൗസ് എന്നിവ ശാസ്ത്രീയമായി സംസ്കരിക്കണം. വോട്ടെടുപ്പ് അവസാനിച്ചാലുടൻ സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും തെരഞ്ഞെടുപ്പ് പരസ്യം നീക്കംചെയ്ത് നശിപ്പിക്കണം. അല്ലെങ്കിൽ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് ദിവസത്തിനുള്ളിൽ പരസ്യം നീക്കംചെയ്ത് ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കണം.
പോസ്റ്റിൽ പോസ്റ്ററൊട്ടിക്കണ്ട
രാഷ്ട്രീയ പാർടികളുടെയും സ്ഥാനാർഥികളുടെയും പോസ്റ്ററുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ വൈദ്യുതി പോസ്റ്റുകളിലും ട്രാൻസ്ഫോർമർസ്റ്റേഷനുകളിലും സ്ഥാപിക്കരുതെന്ന് കെഎസ്ഇബി. അത്യാഹിതം സംഭവിച്ചാൽ വിളിക്കേണ്ട ഫോൺനമ്പർ ഉൾപ്പെടെ പോസ്റ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ പോസ്റ്ററുകൾ ഇവ മറയ്ക്കാൻ സാധ്യതയുള്ളതിനാലാണിത്. പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയിൽ അതിക്രമിച്ച് കടക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും. നിലവിൽ പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുള്ളവർ എത്രയും വേഗം നീക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..