കോഴിക്കോട്
മത്സ്യം കല്ല് തിന്നുമോ, ചിരിക്കാൻ വരട്ടെ, അലങ്കാര മത്സ്യമായ അരോണയുടെ വയറിൽനിന്ന് കിട്ടിയത് 21 കല്ല്. വയറുകീറി ശസ്‌ത്രക്രിയചെയ്യാതെയാണ് മീനിൽനിന്ന് മിനുമിനുത്ത അലങ്കാരക്കല്ല് നീക്കിയത്. പാറോപ്പടി സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്‌കൂളിലെ അക്വേറിയത്തിലെ അരോണയാണ് കല്ല് വിഴുങ്ങിയത്.
ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാന കേന്ദ്രം വിഷയ വിദഗ്‌ധൻ(മത്സ്യബന്ധനം) ഡോ. ബി പ്രദീപാണ് അനസ്‌തേഷ്യ നൽകി മീനിന്റെ വയറിൽനിന്ന് കല്ലെടുത്തത്. വയർ വീർത്ത് ഭക്ഷണം കഴിക്കാതിരുന്നതിനാലാണ് അരോണയെക്കുറിച്ച് സ്‌കൂൾ അധികൃതർ ഡോക്ടറോട് പറഞ്ഞത്. നീന്താതെ അനക്കമറ്റ നിലയിലായിരുന്നു മീനിന്റെ കിടപ്പ്. ട്യൂമർ എന്നാണ് വിചാരിച്ചതെന്ന് ഡോ. പ്രദീപ് പറഞ്ഞു. നീര് നീക്കിയാൽ ആശ്വാസമാകുമെന്നും കരുതി. എന്നാൽ പിന്നീടാണ് കല്ലാണ് വയറ്റിലെന്ന് തിരിച്ചറിഞ്ഞത്. അരോണ തനി മാംസഭുക്കാണ്. ഇവിടെ അതിന് നൽകിയിരുന്നത് സ്വർണമത്സ്യങ്ങളെയും മറ്റുമായിരുന്നു. അക്വേറിയത്തിലെ നിറമുള്ള മിന്നാരം കല്ലുകൾ സ്വർണമത്സ്യത്തെ വിഴുങ്ങുന്നതിനൊപ്പം അകത്തായതാകും.
ഓരോ തവണയും അനസ്‌തേഷ്യ കൊടുത്ത് അൽപസമയം പുറത്തെടുത്ത് വായിലൂടെ കൈയിട്ട് കല്ല് നീക്കുകയായിരുന്നു. എട്ടുവർഷമായി സ്‌കൂൾ അക്വേറിയത്തിലുള്ളതാണ് അരോണ. കല്ലുനീക്കിയശേഷം മീൻ ചെറുതായി നീന്താൻ തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..