കേരള ബാങ്കിന് ഞായറാഴ്‌ച ഒന്നാം പിറന്നാൾ. 2019 നവംബർ 29നാണ് 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്കിന് രൂപം കൊടുത്തത്. ജനുവരി 20ന് ബാങ്കിന്റെ ആദ്യപൊതുയോഗം നിയമാവലി ഭേദഗതിയും, ദർശന, ദൗത്യരേഖകളും അംഗീകരിക്കപ്പെട്ടു. പുതിയ ബ്രാൻഡ് പേരായ ‘കേരള ബാങ്ക്’, ലോഗോ എന്നിവയും റിസർവ് ബാങ്കിന്റെ അംഗീകാരം നേടി.
ഒന്നാമതെത്താൻ കുതിപ്പ്
സ്‌റ്റേറ്റ് ബാങ്കിനെ മറികടന്ന് കേരളത്തിലെ ഒന്നാമത്തെ ബാങ്ക് എന്ന ലക്ഷ്യം അതിവേഗം കൈവരിക്കാം എന്ന പ്രതീക്ഷ നൽകുന്നതാണ് ആദ്യവർഷത്തെ പ്രവർത്തന റിപ്പോർട്ട്. മൂന്നുലക്ഷം കോടി രൂപയുടെ മൊത്ത ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
769 ശാഖകളുമായി നാല് മാസം കൊണ്ട് തന്നെ ഒരുലക്ഷം കോടിയുടെ ബിസിനസ് ബാങ്ക് നേടി. ഇതിൽ 62,000 കോടി നിക്ഷേപമാണ്. 40,000 കോടിയുടെ വായ്‌പയും. ലാഭം 374.75 കോടിയും. ഏഴ് മേഖലാ ഓഫീസുകളും ജില്ലാ കേന്ദ്രങ്ങളിലായി 13 വായ്‌പാ വിതരണ കേന്ദ്രങ്ങളും തിരുവനന്തപുരത്ത് ആസ്ഥാനവും എറണാകുളത്ത് കോർപറേറ്റ് ബിസിനസ് ഓഫീസും മൺവിളയിൽ നൂതന പരിശീലന കേന്ദ്രവും നാല് പ്രാഥമിക സഹകരണ സംഘം വികസന സെല്ലുകളും പ്രവർത്തിക്കുന്നു.
മലപ്പുറത്തിന് വലിയ നഷ്ടം
കേരള ബാങ്ക് എന്ന പൊതുകാഴ്‌ചപ്പാടിൽനിന്ന് മാറിനിൽക്കാനുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ തീരുമാനം സഹകാരികൾക്ക് കനത്ത തിരിച്ചടിയാകും. ആധുനിക ബാങ്കിങ് സൗകര്യം,എടിഎം ശൃംഖല എന്നീ സേവനങ്ങളാണ് മുഖ്യമായും നഷ്ടമാകുക. വട്ടിപ്പലിശ ഒഴിവാക്കാനുള്ള സ്വർണപ്പണയ വായ്‌പാ പദ്ധതി, എംഎസ്‌എംഇ സുവിധ, സുവിധ ഭവന വായ്‌പാ പദ്ധതി തുടങ്ങിയവയും,കോവിഡ് കാലത്തെ സഹായങ്ങളും മലപ്പുറത്തെ സഹകാരികൾക്ക് അന്യമാകും.
ആദ്യ ഭരണസമിതി ഇന്ന് ചുമതലയേൽക്കും
കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി വെള്ളിയാഴ്‌ച ചുമതലയേൽക്കും. കോവിഡ് മാനദണ്ഡം പാലിച്ച് പകൽ 10ന് ബാങ്ക് ആസ്ഥാനത്താണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട 14 അംഗങ്ങള്‍ ചുമതലയേൽക്കും. ബോർഡിലെ രണ്ട് സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരുടെ ഒഴിവിൽ ഒരാളെ സർക്കാർ നാമനിർദേശം ചെയ്‌തു. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് മുൻ മാനേജിങ് ഡയറക്ടർ എസ് ഹരിശങ്കറാണ് നിയമിതനായത്. ഒരാളെ പിന്നീട് നാമനിർദേശം ചെയ്യും.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്‌ട്രാർ ഡോ. നരസിംഹുഗാരി ടി എൽ റെഡ്ഡി, കേരള ബാങ്ക് സിഇഒ പി എസ് രാജൻ, നബാർഡ് കേരള റീജ്യണൽ ചീഫ് ജനറൽ മാനേജർ പി ബാലചന്ദ്രൻ എന്നിവർ അനൗദ്യോഗിക അംഗങ്ങളാണ്. വായ്‌പേതര സംഘങ്ങളുടെ പ്രതിനിധിയെ ഡയറക്ടർ ബോർഡിന് യോഗത്തിലേക്ക് ക്ഷണിക്കാം, വോട്ടവകാശം ഉണ്ടാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..