സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഉടൻ തുടങ്ങും. അഗതി മന്ദിരം, ക്ഷേമ സ്ഥാപനം, ക്ഷേമ ആശുപത്രി, കന്യാസ്‌ത്രീ മഠം, ആശ്രമം, മാനസികാരോഗ്യ കേന്ദ്രം തുടങ്ങിയവയിലെ അന്തേവാസികൾക്കാണ് കിറ്റ്.
നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന പ്രകാരമാണ് വിതരണം. സാമൂഹ്യനീതി വകുപ്പ് നൽകുന്ന കണക്ക് അനുസരിച്ച് തൊട്ടടുത്ത റേഷൻ കടയിൽനിന്ന് കിറ്റ് വാങ്ങാം. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകയിരുത്തും. അഗതി മന്ദിരങ്ങളിലുള്ളവർക്കും കിറ്റ് നൽകാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതുപ്രകാരം സെപ്‌തംബർ മുതൽ ഡിസംബർ വരെയുള്ള സൗജന്യ കിറ്റ് അന്തേവാസികൾക്ക് നൽകാൻ സപ്ലൈകോയ്‌ക്ക് അനുമതി നൽകി ഉത്തരവിറങ്ങി. നേരത്തെ ഒരാൾക്ക് അഞ്ച് കിലോ വീതം അരിയും ഭക്ഷ്യക്കിറ്റും നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡിസംബർ വരെയുള്ള നാല് മാസത്തെ കിറ്റും നൽകുന്നത്.
റേഷൻ കാർഡില്ലാത്തതിനാൽ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് കിറ്റ് ലഭിച്ചിരുന്നില്ല. ഇവർക്ക് കിറ്റ് നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിരവധി നിവേദനം ലഭിച്ചിരുന്നു. ഇതുപരിഗണിച്ചാണ് തീരുമാനം. ഇവർക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..