കോഴിക്കോട്
കൈക്കൂലി ആരോപണത്തിലുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന എം കെ രാഘവൻ എംപിയുടെ വാദം പൊളിയുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്താണ് ടിവി 9 ചാനൽ സ്റ്റിങ് ഓപ്പറേഷൻ നടത്തി എം കെ രാഘവന്റെ ചില വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്. നടക്കാവ് പൊലീസ് എടുത്ത കേസ് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. ഈ വർഷം ഫെബ്രുവരി 29നാണ് വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. കൈക്കൂലിക്കേസിൽ ലോക്‌സഭാ സ്‌പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
വിജിലൻസ് അന്വേഷണത്തിന്റെ വാർത്ത പുറത്തുവന്നത് ഇപ്പോൾ മാത്രമാണ്. വിഷയം ഗൗരവമുള്ളതാണെന്ന് ആരോപണ ഘട്ടത്തിൽ വ്യക്തമാക്കിയതും തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയതുമാണ്. നിയമ നടപടി പൂർത്തിയാക്കി അന്വേഷണത്തിലേക്കെത്താൻ വൈകിയെന്നതാണ് സത്യം.
കോടികൾ ചെലവഴിച്ചാണ‌് താൻ 2014ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നായിരുന്നു രാഘവന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ‌് ചെലവുകൾക്ക‌് അഞ്ചുകോടി രൂപ വാഗ‌്ദാനം ചെയ‌്ത ചാനൽ സംഘത്തോട‌് പണം കൈമാറാൻ തന്റെ ഡൽഹി ഓഫീസുമായി ബന്ധപ്പെട്ടാൽ മതിയെന്നും എംപി ചാനൽ സംഘത്തോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ 20 കോടി രൂപ ചെലവഴിച്ചുവെന്ന‌് രാഘവൻ തങ്ങളോട‌് പറഞ്ഞതായി ചാനൽ അവതാരകൻ പറയുന്നുണ്ട്. ഒരു സ്ഥാനാർഥിക്ക‌് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷം രൂപയായി തെരഞ്ഞെടുപ്പ‌് കമീഷൻ നിജപ്പെടുത്തിയപ്പോഴാണിത്. ഇതേക്കുറിച്ചുള്ള അന്വേഷണമാണ് രാഷ്ട്രീയപ്രേരിതമെന്ന മുദ്രകുത്തി രക്ഷപ്പെടാൻ രാഘവൻ ശ്രമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..