26 November Thursday

പൊലീസ് നിയമഭേദഗതി പിൻവലിക്കും ; പുതിയ ഓർഡിനൻസ് ഇറക്കുംവരെ കേസെടുക്കില്ല

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020


കൊച്ചി
ആക്ഷേപകരവും അപകീർത്തികരവുമായ പ്രസ്താവനകൾക്കെതിരെ  കേസെടുക്കാൻ അനുവദിക്കുന്ന പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ ഓർഡിനൻസ് ഇറക്കുമെന്നും അതുവരെ  കേസെടുക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. ഓർഡിനൻസ് പിൻവലിക്കുന്നതിന് ഭരണഘടനാപരമായ നടപടിക്രമം പാലിക്കണമെന്ന് ഹർജിക്കാരനായ ആർഎസ്‌‌പി നേതാവ് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനിച്ച് ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിസഭയ്ക്ക് ആവില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ അനുച്ഛേദം 213 - 2 (എ, ബി )വകുപ്പുകൾ പ്രകാരം നിയമസഭ പ്രമേയം പാസാക്കി ഗവർണർക്ക് അയക്കണമെന്നതാണ് വ്യവസ്ഥയെന്നും ഇതു പാലിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. പൊലീസ് നിയമത്തിൽ 118(എ) വകുപ്പ്‌ കൂട്ടിച്ചേർത്തത് ചോദ്യം ചെയ്ത ഹർജികളാണ് കോടതി പരിഗണിച്ചത്.

നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആർഎസ്‌പി നേതാവ് ഷിബു ബേബി ജോണും അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top