ഗുരുവായൂർ
കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെ ഗുരുവായൂർ ഏകാദശി ആഘോഷിച്ചു. ഏകാദശി വ്രതം നോറ്റ് പതിനായിരങ്ങളെത്തുന്ന ഗുരുവായൂരിൽ 5000 പേർക്കാണ് ദർശനാനുമതി നൽകിയത്. എന്നാൽ, നൂറുകണക്കിന് വിശ്വാസികൾ ക്ഷേത്രപരിസരത്തെത്തിയിരുന്നു. രാവിലെ ഉഷപ്പൂജയ്‌ക്കുശേഷം നടന്ന കാഴ്ചശീവേലിക്ക് കൊമ്പൻ ശ്രീധരൻ സ്വർണക്കോലമേറ്റി. അടിയന്തിരക്കാരുടെ മേളം രാവിലത്തെ കാഴ്ചശീവേലിക്ക് അകമ്പടിയായി.
ഏകാദശി വിളക്കുകളുടെ ഭാഗമായി ഒരു മാസത്തെ ഇടവേളയ്‌ക്കുശേഷം ദേവസ്വം വകയായി ഉദയാസ്തമയ പൂജ നടന്നു. തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ദാമോദർദാസ് തിടമ്പേറ്റി. വൈകുന്നേരം കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയും ഗീതാദിനത്തിന്റെ ഭാഗമായി പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ഗീതോപദേശ ശിൽപ്പം വഹിച്ചുള്ള എഴുന്നള്ളിപ്പുമുണ്ടായി. നാരായണാലയത്തിൽ നിന്നും സന്നയാനന്ദയുടെ നേതൃത്വത്തിൽ പാർഥസാരഥിയിലേക്ക് നാമജപഘോഷയാത്ര നടന്നു. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇന്ദ്രസെൻ കോലമേറ്റി.
നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിച്ചില്ല. ക്ഷേത്രത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഏകാദശി ചടങ്ങുകൾ ക്രമീകരിച്ചിരിരുന്നത്. രാവിലെ കാഴ്ച ശീവേലിക്ക് ക്ഷേത്ര അടിയന്തിരക്കാർ ഉൾപ്പെടെ മേളത്തിന് 15 വാദ്യക്കാരും ഒരാനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദ്വാദശി ദിവസമായ വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന ദ്വാദശിപ്പണ സമർപ്പണത്തോടെ ചടങ്ങുകൾക്ക് പരിസമാപ്തിയാകും.. ക്ഷേത്രക്കൂത്തമ്പലത്തിലാണ് ദ്വാദശിപ്പണ സമർപ്പണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..