KeralaLatest NewsNews

രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ പൂത്ത് നശിച്ച സംഭവം; വിശദീകരണം തേടി നേതൃത്വം

കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നവര്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.

നിലമ്പൂര്‍: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാനായി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാതെ ഉപയോഗശൂന്യമാക്കിയ സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഡി.സി.സിയാണ് നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശാണ് സംഭവത്തില്‍ വിശദീകരണം തേടിയത്.

എന്നാൽ കഴിഞ്ഞ ദിവസമാണ് പ്രളയ ദുരിതബാധിതര്‍ക്കായി വിതരണത്തിന് രാഹുല്‍ ഗാന്ധി എം.പി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പൂത്ത് നശിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ആഗസ്റ്റിലെ പ്രളയകാലത്ത് വിതരണത്തിന് എത്തിച്ച കിറ്റുകള്‍ നിലമ്പൂരില്‍ പഴയ നഗരസഭാ മന്ദിരത്തിന് എതിര്‍വശം സ്വകാര്യ കെട്ടിടത്തിലെ മുറിയിലാണ് സൂക്ഷിച്ചിരുന്നത്. കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നവര്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. രാഹുല്‍ ഗാന്ധി എംപിയുടെ ചിത്രമുള്ളവ ഉള്‍പ്പെടെ ഇരുനൂറോളം കിറ്റുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാൻ കാരണം.. വ്യക്തമാക്കി ശോഭ സുരേന്ദ്രൻ

അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തുവന്നിരുന്നു. ഇവര്‍ പ്രകടനവും നടത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ സംഭവം വലിയ ചര്‍ച്ചയായി. ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സംഭവം ഗൗരവമായി കാണുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിന്റെ ചുമതല പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളെയാണ് ഏല്‍പിച്ചിരുന്നത്. മറ്റെവിടെയും പരാതി ഉണ്ടായിട്ടില്ല. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വി.വി.പ്രകാശ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിഷയത്തില്‍ തുടര്‍നടപടികളെന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button