കളിയെഴുത്തുകാരനായ എം എം ജാഫർ ഖാൻ എഴുതുന്നു:
ഫുട്ബാൾ ഗോഡ് മറഡോണ അറുപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം എന്ന എക്കാലത്തെയും വലിയ സ്വേച്ഛാധിപതിയെ നേരിട്ടു കണ്ടു. തലച്ചോറിലെ രക്തസ്രാവവും ഹൃദയാഘാതവും ചേർന്ന് ഭൂമിയിൽ നിന്ന് പുകച്ചുചാടിച്ച മറഡോണയെ കാണാൻ സ്വർഗ്ഗത്തിന്റെ കൈവരിയിൽ പിടിച്ച് ദൈവം കാത്തുനിൽക്കുന്നുണ്ടായിരുന്നു. പന്തിനുപിന്നാലെയുള്ള നീണ്ട പാച്ചിൽ കഴിഞ്ഞുവന്നതിന്റെ ക്ഷീണവും കിതപ്പും പുറത്തുകാണിക്കാതെ മറഡോണ ദൈവത്തെ നോക്കി ചിരിച്ചു. കുട്ടിത്തം വിടാത്ത മുഖത്തെ കണ്ണിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ദൈവം ഹസ്തദാനത്തിനായി കൈനീട്ടി. അയ്യോ എന്റെ വലത്തെ കൈ എവിടെ ? ദൈവം അറിയാതെ ആർത്തുവിളിച്ചുപോയി. ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന 'ദൈവത്തിന്റെ കൈ' മറഡോണ തിരികെ നൽകി.
അപ്പോൾ മറഡോണയെ നോക്കി ദൈവം അച്ഛനെ പോലെ ചിരിച്ചു. 'നല്ലത് മകനെ', ദൈവം പറഞ്ഞു; ലോകത്തിന്റെ നാലിൽ രണ്ട് ഭൂഭാഗവും അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്മുറക്കാരെ കീഴടക്കാൻ ആസ്റ്റെക് സ്റ്റേഡിയത്തിലെ 60 അടി പുൽപരപ്പും 10 സെക്കൻഡും മാത്രമല്ലേ നിനക്ക് വേണ്ടിവന്നുള്ളൂ ? എന്നിട്ട് അപാരമായ സ്നേഹവായ്പോടെ കുറിയ മറഡോണയെ ചുംബിക്കാൻ ദൈവം തലതാഴ്ത്തി. അന്നേരം അറുപത് വർഷം നീണ്ടുനിന്ന ജീവിതത്തിൽ നിന്നുള്ള പലസംഭവങ്ങളും വന്ന് മറഡോണയുടെ ആത്മാവിനെ പിടിച്ചുകുലുക്കി.
ആറ് സഹോദരങ്ങളുള്ള ലാനസിലെ അടുക്കളയില്ലാത്ത തകരം മേഞ്ഞ വീട്ടിൽ നിന്ന് പട്ടിണിയുടെ മെഡൽ കഴുത്തിലണിഞ്ഞു എട്ടാം വയസിൽ പന്തുമായി പുറപ്പെടുമ്പോൾ, അതിൽ ഊതി നിറച്ചിരുന്നത് നിഷേധിയുടെയും വിപ്ലവകാരിയുടെയും ചങ്കൂറ്റമായിരുന്നു.
തൊട്ട ആദ്യ പന്ത് തന്നെ കബറേരയെ നട്ട്മഗ് ചെയ്തുകൊണ്ട് പതിനാറാം വയസിൽ പതിനാറാം നമ്പർ കുപ്പായത്തിൽ പ്രഫഷണൽ ഫുട്ബാളിൽ ആദ്യ ചുവട്.
ചരിത്രത്തിലെ ഏറ്റവും മുന്തിയ വിലയ്ക്ക് അർജന്റീനയിലെ വരേണ്യ വർഗത്തിന്റെ ക്ലബ്ബായ റിവർപ്ളേറ്റിലേക്കുള്ള ക്ഷണം കീറിയെറിഞ്ഞു തൊഴിലാളികളുടെ ക്ലബായ ബൊക്കാ ജൂനിയേഴ്‌സിൽ .
യൂറോപ്പിലേക്ക് വിളിവന്നപ്പോൾ ആദ്യം പരിഗണിച്ചത് സ്പാനിഷ് ഗർവിനെതിരെ പൊരുതുന്ന ബാഴ്‌സലോണയെ, റയൽ ആരാധകരെ കൊണ്ട് എതിരാളിക്ക് കൈയ്യടിപ്പിച്ച ആദ്യ കളിക്കാരനായും മാറി.
മിലാൻ എന്ന സ്വർഗം മാറ്റിവെച്ച് നാപോളി എന്ന അഴുക്കുചാൽ തിരഞ്ഞെടുക്കുന്നു, ആ അഴുക്കുചാലിൽ പൂപാതകളും മഴവില്ലും പണിയുന്നു.
ഇരുപത്തിയാറാം വയസിൽ പരിമിത വിഭവങ്ങളുമായി ചെറുവഞ്ചിയിൽ ലോകകപ്പ് എന്ന കപ്പൽ വേട്ടക്ക്, നീലയും വെള്ളയും കുത്തനെ വരയിട്ട ജേഴ്‌സിയിൽ ലോകകപ്പ് പിടിച്ച് ചിരിച്ചുനിൽക്കുമ്പോൾ ഫുട്ബാൾ ലോകം സുജൂദിലായിരുന്നു. പിന്നെയും അമ്പരപ്പിക്കുന്ന കുതിപ്പുകൾ.
സമ്മർദ്ദത്തിന്റെ കൊടുമുടിയിൽ ലഹരിയുടെ ലോകം, ഇരുൾ തുരങ്കത്തിലൂടെയുള്ള പാച്ചിലുകൾ.
ബുഷിനെ തടയുന്നു, പോപ്പിനെ പരിഹസിക്കുന്നു, ഫിഫയെ കൊഞ്ഞനം കുത്തുന്നു.
ഫിദലും ഷാവേസും കൂട്ടുകാരാവുന്നു, ക്യൂബക്കും വെനിസ്വെലക്കും ഇറാനും വേണ്ടി കൊടിപിടിക്കുന്നു.
ദൈവം കുലുക്കിവിളിച്ചപ്പോഴാണ് സ്വപ്നത്തിൽ നിന്ന് ഉണർന്നത്, മറഡോണയുടെ കൈപിടിച്ച് ദൈവം നടക്കാൻ തുടങ്ങി. ഭൂമിയിൽ ശാശ്വതമായ യശസ്തംഭങ്ങൾ സൃഷ്ടിച്ചവർ വസിക്കുന്ന ഭാഗമെത്തിയപ്പോൾ ദൈവം നിന്നു, എന്നിട്ട് ഒരിക്കൽകൂടി മറഡോണക്ക് കൈകൊടുത്തുകൊണ്ട് പറഞ്ഞു ' ഇതാ എക്കാലത്തേക്കും നിനക്ക് വസിക്കാനുള്ള ഇടം' തിരിഞ്ഞുപോകുകയായിരുന്ന ദൈവത്തിന്റെ ചുമലിൽ തട്ടിക്കൊണ്ട് മറഡോണ ചോദിച്ചു - ചെഗുവേര എവിടെയാണ് താമസിക്കുന്നത് ?
(സുഭാഷ് ചന്ദ്രന്റെ 'ദൈവം ഓവന്‍സിനു കൈകൊടുക്കുന്നു' എന്ന കഥയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..