തിരുവനന്തപുരം
പാർലമെന്റിൽ ചുട്ടെടുത്ത തൊഴിലാളി വിരുദ്ധ നിയമങ്ങൾ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ചു തുടങ്ങി.
ഇതിന്റെ ആദ്യപരീക്ഷണമാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ തസ്‌തികയിലെ സ്ഥിരം നിയമനം ഒഴിവാക്കിയത്. അപ്രന്റീസ്‌ഷിപ് നിയമനം പുതിയ തൊഴിൽ നയത്തിന്റെ ഭാഗമാണ്. ബാങ്കിങ് മേഖലയിലെ ഘടനാപരമായ ഏതു തീരുമാനവും നടപ്പാക്കുക എസ്‌ബിഐയിലാണ്. തുടർന്ന് മറ്റ് ബാങ്കുകളിലേക്ക് വ്യാപിപ്പിക്കും. ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ തസ്‌തികളിൽ എട്ടുവർഷംമുമ്പ് എസ്‌ബിഐ പുറംകരാർ ഏർപ്പെടുത്തി. പിന്നീട് മറ്റ് ബാങ്കുകളിലും ഈ തസ്‌തികകളിൽ സ്ഥിരം നിയമനം അവസാനിച്ചു. ഇതേ രീതി ബാങ്കിങ് മേഖലയിലെ ഉയർന്ന തസ്‌തികകളിലേക്കും വ്യാപിപ്പിക്കുകയാണ്.
8500 ക്ലറിക്കൽ തസ്‌തികയിലേക്കാണ് അപ്രന്റീസ് നിയമനത്തിന് എസ്‌ബിഐ വിജ്ഞാപനമിറക്കിയത്. 141 ഒഴിവ് കേരളത്തിലാണ്. ആദ്യവർഷം പ്രതിമാസം 15,000, രണ്ടാംവർഷം 16,500, മൂന്നാംവർഷം 19,000 രൂപ പ്രതിഫലത്തിലാണ് നിയമനം. മൂന്നുവർഷം കഴിഞ്ഞാൽ പുറത്താക്കും. ക്ലറിക്കൽ കേഡറിൽ സ്ഥിരംനിയമനം ഒഴിവാക്കൽ തൊഴിലന്വേഷകരോടുള്ള കടുത്ത അനീതിയാണ്.
മോഡി സർക്കാർ ‘നാഷണൽ അപ്രന്റീസ്‌ഷിപ് പ്രൊമോഷൻ സ്‌കീം’ പ്രകാരം തൊഴിൽ നൈപുണ്യ പരിശീലനത്തിന് ബാങ്കിങ് മേഖലതന്നെ ആദ്യം തെരഞ്ഞെടുത്തതും ബോധപൂർവം. കേന്ദ്ര പൊതുമേഖലയിലടക്കം നടപ്പാക്കുന്നതിനുള്ള എതിർപ്പ് കുറയ്ക്കാൻ സഹായമാകുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ പാർലമെന്റിൽ പാസാക്കിയെടുത്ത ലേബർ കോഡ് അപ്രന്റീസ് നിയമനം എല്ലാ മേഖലയിലും വ്യാപിപ്പിക്കാൻ നിർദേശിക്കുന്നു. 1961-ലെ അപ്രന്റീസ് ആക്ടും ഭേദഗതിചെയ്‌തു. ഒരുവർഷ അപ്രന്റീസ് കാലാവധി മാറ്റിമറിക്കപ്പെട്ടു. കാലാവധി തൊഴിലുടമ നിശ്ചയിക്കും. ഈ വ്യവസ്ഥയാണ് ബാങ്കിങ് മേഖല നടപ്പാക്കുന്നത്. എട്ടുമണിക്കൂർ തൊഴിൽസമയം പന്ത്രണ്ടാക്കുന്ന നിയമം ഉടൻ നടപ്പാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..