25 November Wednesday

തിരുവനന്തപുരം വിമാനത്താവളം; കേരളം സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻUpdated: Wednesday Nov 25, 2020

ന്യൂഡൽഹി > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ്‌ അദാനി എന്റർ പ്രൈസസിന്‌ കൈമാറുന്നത്‌ ചോദ്യംചെയ്ത്‌ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയിൽ. ഒക്ടോബറിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും തുടർനടപടികളും സുപ്രീംകോടതി അന്തിമതീരുമാനം എടുക്കുംവരെ സ്‌റ്റേ ചെയ്യണമെന്ന് സംസ്ഥാന‌ സർക്കാർ ആവശ്യപ്പെട്ടു.

വിമാനത്താവളം സ്വകാര്യവൽക്കരിക്കില്ലെന്ന്‌ വ്യോമമന്ത്രാലയം സംസ്ഥാന സർക്കാരിന്‌ ഉറപ്പ്‌ നൽകിയതാണ്‌‌. സംസ്ഥാന സർക്കാരിനും സാമ്പത്തിക സ്ഥാപനങ്ങൾക്കും പങ്കാളിത്തമുള്ള സ്‌പെഷ്യൽ പർപ്പസ്‌ വെഹിക്കിൾ രൂപീകരിക്കാമെന്നും സർക്കാർ കൈമാറുന്ന ഭൂമിയുടെ വില ഓഹരിയായി കണക്കാക്കാമെന്നും മന്ത്രാലയം വാഗ്‌ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2005ൽ  27 ഏക്കർ ഭൂമി എയർപോർട്ട്‌ അതോറിറ്റിക്ക്‌ കൈമാറി. എന്നാൽ, വ്യോമമന്ത്രാലയം ധാരണ  ലംഘിച്ചെന്ന്‌ സർക്കാർ വിശദീകരിച്ചു.

വിമാനത്താവള നടത്തിപ്പിൽ മുൻപരിചയം വേണമെന്നത്‌ ഒഴിവാക്കി അദാനിക്ക്‌‌ വിമാനത്താവളം കൈമാറിയ നടപടി 1994ലെ എയർപോർട്ട്‌ അതോറിറ്റി ആക്ടിന്റെ ലംഘനമാണെന്നും‌ ഹർജിയിൽ പറയുന്നു. എയർപോർട്ട്‌ അതോറിറ്റി ആക്ട്‌ 12–-ാം വകുപ്പ്‌ അനുസരിച്ച്‌ വിമാനത്താവളം പാട്ടത്തിന്‌ നൽകുന്നത്‌ പൊതുതാൽപ്പര്യത്തിനും നല്ല നടത്തിപ്പ്‌ ലക്ഷ്യമിട്ടുമാകണം. എയർപോർട്ട്‌ അതോറിറ്റി ഈ വ്യവസ്ഥ പാലിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള വരുമാനം മറ്റ്‌ വിമാനത്താവളങ്ങൾക്കായി‌  ചെലവിടുന്നത്‌ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്‌.

ലേലനടപടി ശരിയായ രീതിയിലല്ല നടന്നതെന്ന വാദം സർക്കാർ ആവർത്തിച്ചു.  ‘റൈറ്റ്‌ ഓഫ്‌ ഫസ്റ്റ്‌ റെഫ്യൂസൽ’ എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചെങ്കിലും അതിന്‌ പരിധി ഏർപ്പെടുത്തി. സർക്കാരിനെ ഒഴിവാക്കി അദാനിയെ സഹായിക്കാനായിരുന്നു നടപടിയെന്നും സർക്കാർ കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top