26 November Thursday

പൂമല ജോൺസ്‌ ഓർമയായി ; ഒരു ചിരിയിൽ‌ ഒരുപാട്‌ കഥകൾ ഒതുക്കിപ്പറഞ്ഞവൻ

എൻ രാജൻUpdated: Wednesday Nov 25, 2020


ഒരിക്കൽ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിച്ച്‌ ഉയിർത്തെഴുന്നേറ്റവനാണ്‌ ജോൺസൺ. അപകടങ്ങളുടെയും ആകസ്‌മികതകളുടെയും അത്ഭുതവിളക്കായിരുന്നു ആ ജീവിതം. ചുമട്ടു തൊഴിലാളിയായി ജീവിതമാർഗം കണ്ടെത്തിയിരുന്ന നാളുകളിലാണ്‌ കേരളവർമയിൽ വിദ്യാർഥിയായി ജോൺസനെത്തുന്നത്‌. അന്നവൻ ഞങ്ങൾക്ക്‌ പൂമല ജോൺസനായിരുന്നു.
കവിതയും ഇടതുപക്ഷ രാഷ്‌ട്രീയവും നിലപാടുകളും കുറേപേരുടെ  ജീവിതവുമായി  ഇഴയടുപ്പമുള്ളവനാക്കി. ബിഎ ഫിലോസഫയിൽ റാങ്ക്‌ നേടി  വാർത്തകളിൽ നിറഞ്ഞു. ചുമട്ടുതൊഴിലാളിയായി  പഠിച്ച്‌‌ റാങ്ക്‌‌ നേടിയ പ്രതിഭ. ‌

എംഎക്ക്‌ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ചേർന്നതോടെ  കാണുന്നത്‌ വല്ലപ്പോഴുമായി. അപ്പോഴേക്കും കടുത്ത ലഹരിയുടെ  ആസക്തികളിൽ വീണുപോയിരുന്നു. അധ്യാപകനെന്ന മോഹസാക്ഷാൽക്കാരം നടപ്പാവില്ലെന്ന സാഹചര്യം ആദ്യം വല്ലാതെ തളർത്തി. വീറോടെ നിയമപഠനം പൂർത്തിയാക്കിയാണ്‌ ആ നഷ്ടബോധത്തെ ജോൺസൺ കീഴടക്കിയത്‌. മാനസികമായി ഒത്തുപോകില്ലെന്നറിഞ്ഞിട്ടും ഇടക്കാലം ‘അഡ്വ. ജോൺസനാ’യി. 

എന്നാൽ, കാലം കാത്തുവച്ചപോലെ പഠിച്ചിറങ്ങിയ കേരളവർമയിൽത്തന്നെ ജോൺസൻ അധ്യാപകനായി.  ചുരുങ്ങിയ വർഷം ദൈർഘ്യമുണ്ടായ അധ്യാപകവൃത്തിയിൽ ഫിലോസഫി വിഭാഗം തലവനായിയാണ്‌ വിരമിച്ചത്‌.
അതിനിടെ, പുനർജനി പ്രസ്ഥാനത്തിലൂടെ ജോൺസൺ കേരളമാകെ അറിയപ്പെട്ടു. ‘കുടി’യുടെ ബലിക്കല്ലിൽ ജീവിതം തകർന്നുപോയവരെ  പ്രതീക്ഷയുടെ ഹരിതം കലർന്ന താഴ്‌വരയിലേക്ക്‌ ആനയിക്കുന്ന പുനർജനി അക്ഷരാർഥത്തിൽ അയാളുടെതന്നെ കുമ്പസാരവും പ്രായശ്‌ചിത്തവുമായിരുന്നു. എത്രയോ കുടുംബബന്ധങ്ങളെ അവിടെ കൂട്ടിയിണക്കി.

പലവട്ടം പലവിധ സന്ദർഭങ്ങളിൽ അവിടെ ഞാൻ പോയിട്ടുണ്ട്‌. ഒരിക്കൽ പറഞ്ഞു:  ‘ സത്യത്തിൽ ഈ ലഹരിക്കടിമപ്പെടുന്നവർ പാവങ്ങളാ. അവരുടെ അപകർഷതയെയാണ്‌ ഇവിടെ  ഉടച്ചുകളയുന്നത്‌. സ്‌ത്രീകളിൽകൂടി കണ്ടുവരുന്ന അപകടകരമായ  വിപത്തിനെപ്പറ്റി അവൻ പറയുമായിരുന്നു. ഞെട്ടിപ്പോകും. എത്ര സ്‌ത്രീകളാ ഇപ്പോ മദ്യത്തിന്റെ അടിമകളായി ജീവിതം തുലയ്‌ക്കുന്നത്‌? ’ 

‘കുടിയന്റെ കുമ്പസാരം’ എന്ന പുസതകത്തിലൂടെ ജോൺസൺ അറിയപ്പെടുന്ന കൂടുതൽ വിൽക്കപ്പെടുന്ന എഴുത്തുകാരുടെ നിരയിലേക്കും ഉയർന്നു.  അതിന്റെ ഇംഗ്ലീഷ്‌ പരിഭാഷ നടക്കുന്ന വേളയിലാണ്‌ ഒടുവിൽ വിളിച്ചു സംസാരിച്ചത്‌. ചില സംശയങ്ങളും ആശയങ്ങളും പങ്കുവച്ചു. ഇപ്പോഴും തിരിച്ചുവരുമെന്നുതന്നെയാണ്‌ ഞങ്ങളൊക്കെ പ്രതീക്ഷിച്ചത്‌. കാരണം മരണം പലവട്ടം മുഖാമുഖം കണ്ട്‌ മടങ്ങിവന്നവനാണ്‌.  ഒരു ചിരിയിൽ‌ ഒരുപാട്‌ കഥകൾ ഒതുക്കിപ്പറഞ്ഞവാണ്‌. സായംകാലങ്ങളുടെ വേദനകലർന്ന മഞ്ഞുപാടപോലെ പൂമലയും പുനർജനിയും  അവനെ വിളിച്ചുകൊണ്ടേയിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top