25 November Wednesday

തൊഴിലാളി കരുത്തിൽ രാജ്യം നിശ്ചലമാകും

എളമരം കരീംUpdated: Wednesday Nov 25, 2020

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–- കർഷക ദ്രോഹനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വ്യാഴാഴ്‌ച രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കും. വ്യവസായത്തൊഴിലാളികളും അസംഘടിത പരമ്പരാഗതമേഖലകളിലെ തൊഴിലാളികളും പങ്കെടുക്കും. കർഷക–- കർഷകത്തൊഴിലാളി സംഘടനകൾ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഗ്രാമീണ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപവീതം നൽകുക; ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക; തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 200 ആക്കുക, വേതനം വർധിപ്പിക്കുക; പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക; കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക; കേന്ദ്ര സർവീസ് പൊതുമേഖലാ ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടുന്നത്‌ നിർത്തുക; എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പിഎഫ് പെൻഷൻ പദ്ധതി മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ പത്ത് ദേശീയ ട്രേഡ് യൂണിയനും കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്,- ഇൻഷുറൻസ്, ബിഎസ്എൻഎൽ  സംഘടനകളും ചേർന്നാണ്  പണിമുടക്കിന്‌ ആഹ്വാനം നൽകിയത്.

2014ൽ മോഡി  അധികാരത്തിൽ വന്നതുമുതൽ നവ ഉദാരവൽക്കരണ നയങ്ങൾക്ക് വേഗതകൂടി. സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്കാണ് പോക്ക്. കൊളോണിയൽ കാലത്തെ പിന്നോക്കാവസ്ഥയിൽനിന്ന്‌ രാജ്യത്തെ വികസനത്തിലേക്ക് നയിച്ചതിൽ പൊതുമേഖലയ്‌ക്ക് നിർണായക പങ്കുണ്ട്. 1991ൽ ആഗോളവൽക്കരണ നയം ആരംഭിച്ചതുമുതൽ പൊതുമേഖലയ്‌ക്ക് നേരെ ആക്രമണം ആരംഭിച്ചു. തുടക്കത്തിൽ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിൽപ്പനയായിരുന്നു നടന്നിരുന്നത്. 1998 –-2004 കാലത്തെ വാജ്പേയി സർക്കാരിൽ ഓഹരി വിൽപ്പനയ്‌ക്ക്  പ്രത്യേകവകുപ്പും മന്ത്രിയുമുണ്ടായിരുന്നു.

രാജ്യത്തിന്റെ സ്വത്ത്‌  വിറ്റഴിക്കുന്നു

ഇപ്പോൾ പൊതുമേഖലാ കമ്പനികൾ കോർപറേറ്റുകൾക്ക് വിൽക്കുകയാണ്. ലാഭത്തിൽ പ്രവർത്തിക്കുന്നതും കേന്ദ്ര ഖജനാവിലേക്ക് ഗണ്യമായ തുക സംഭാവന നൽകുന്നതുമായ കമ്പനികളാണ് വിറ്റുതുലയ്‌ക്കുന്നത്. പെട്രോളിയം മേഖലയിലെ ""മഹാരത്ന'' പദവിയിലുള്ള ബിപിസിഎൽ വിൽപ്പന അന്തിമഘട്ടത്തിലാണ്. കൃഷ്ണ ഗോദാവരി നദീതടത്തിലെ പ്രകൃതിവാതക നിക്ഷേപം കോൺഗ്രസ് സർക്കാരിന്റെ കാലത്ത് റിലയൻസിന് കൈമാറി. പൂർണമായും പൊതുമേഖലയിലായിരുന്ന കൽക്കരിപ്പാടങ്ങളിൽ ഒരു ഭാഗം യുപിഎ സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകി. 2019നുശേഷം ഇന്ത്യയിൽ നടക്കുന്നത് തന്ത്രപ്രധാന പൊതുമേഖലയെ വിറ്റഴിക്കുന്ന നടപടികളാണ്.

റെയിൽവേ രാജ്യത്തിന്റെ ജീവനാഡിയാണ്. സാധാരണ ജനതയുടെ യാത്രാവാഹനം. ഭക്ഷ്യധാന്യങ്ങൾ, രാസവളം, കൽക്കരി, സിമന്റ്, ഉരുക്കുൽപ്പന്നങ്ങൾ തുടങ്ങിയവ എല്ലാ ഭാഗത്തേക്കും ചുരുങ്ങിയ ചെലവിൽ എത്തിക്കുന്ന ഉപാധി. ഇതിനെയാണ് മോഡി കോർപറേറ്റുകളെ ഏൽപ്പിക്കുന്നത്. സ്വകാര്യ ട്രെയിനുകൾക്ക്‌ അനുമതി നൽകി. എന്ത് ചാർജ് ഈടാക്കണമെന്ന് അവരാണ് തീരുമാനിക്കുക.

2003ൽ വാജ്പേയി സർക്കാർ തുടങ്ങിവച്ചതാണ് വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണം. തൊഴിലാളികളുടെയും സംസ്ഥാന സർക്കാരുകളുടെയും എതിർപ്പ് കാരണം, സർക്കാർ ആഗ്രഹിച്ചതുപോലുള്ള സ്വകാര്യവൽക്കരണം നടന്നില്ല. എല്ലാ പഴുതുകളുമടച്ച് വൈദ്യുതിമേഖലയാകെ സ്വകാര്യവൽക്കരിച്ച് കുത്തകകളുടെ കൈകളിലെത്തിക്കലാണ് മോഡി സർക്കാരിന്റെ ലക്ഷ്യം. വൈദ്യുതി നിയമഭേദഗതി പാർലമെന്റിന് മുമ്പിലുണ്ട്. സാധാരണ ജനങ്ങൾക്കും കർഷകർക്കും ചുരുങ്ങിയ നിരക്കിൽ വൈദ്യുതി നൽകുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾ തടയപ്പെടും. വ്യവസായ വികസനത്തെയും ബാധിക്കും.

കൽക്കരി മേഖലയിൽ വിദേശ–-സ്വദേശി കുത്തകകൾക്ക് നിക്ഷേപം നടത്താൻ അനുമതി നൽകുന്നു. "കോൾ–-ഇന്ത്യ' എന്ന പൊതുമേഖലാ കമ്പനിമാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയിലേക്കാണ് സ്വകാര്യ മൂലധനശക്തികളെ കൊണ്ടുവരുന്നത്. തെർമൽപ്ലാന്റുകളിൽ ഉപയോഗിക്കുന്ന കൽക്കരിയുടെ വില കൂടിയാൽ വൈദ്യുതിനിരക്കുയരും. സിമന്റ്–- ഉരുക്ക് വ്യവസായങ്ങളുടെയും പ്രധാന ഇന്ധനമാണ് കൽക്കരി. തുറമുഖങ്ങൾ വിൽപ്പന നടത്താനായി ഒരു നിയമം പാർലമെന്റ് സമ്മേളനത്തിൽ പാസാക്കി. അഞ്ച് വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നൽകി. എതിർത്തത് കേരള സർക്കാർമാത്രം. ജയ്‌പുർ വിമാനത്താവള വിൽപ്പനയെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ വാക്ക് കൊണ്ടുപോലും എതിർത്തില്ല. "എയർ ഇന്ത്യ' എന്ന വിമാനക്കമ്പനിയും വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്നു. പ്രതിരോധ വകുപ്പിന് കീഴിലുള്ള 44 ആയുധ ഉൽപ്പാദന കമ്പനിയും വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു.

ധീരമായ പോരാട്ടങ്ങളുടെ നേട്ടമാണ് ഇന്ത്യയിലെ തൊഴിൽനിയമങ്ങൾ. 29 എണ്ണം ക്രോഡീകരിച്ച് നാല്‌ കോഡാക്കി മാറ്റി. തൊഴിലാളികൾക്ക് ലഭിച്ചിരുന്ന അവകാശങ്ങളും സംരക്ഷണവും ഇല്ലാതാക്കി. കുത്തക മുതലാളിവർഗം ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ മാറ്റങ്ങൾ. ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്താതെയാണ് ഇതെല്ലാം ചെയ്തത്.

രാജ്യത്താകെ 56 കോടിയോളം തൊഴിലാളികളുണ്ട്. ഇതിൽ 25 കോടി കർഷകത്തൊഴിലാളികളാണ്. അവർക്ക് സംരക്ഷണം നൽകുന്ന ഒരു നിയമവും രാജ്യത്തുണ്ടായിട്ടില്ല. കേരളത്തിൽ കർഷകത്തൊഴിലാളി ക്ഷേമപദ്ധതിയും പെൻഷനും നിലവിലുണ്ട്. കാർഷികേതര തൊഴിലാളികളിൽ സ്ഥിരം ജോലി നിലവിലുള്ളത് സംഘടിതമേഖലയിൽ മാത്രമാണ്. ഏകദേശം നാല്‌ കോടിയിൽ താഴെയാണ് ഈ വിഭാഗം. തൊഴിൽനിയമങ്ങളിൽ ഭൂരിപക്ഷവും സംഘടിതമേഖലയിലെ തൊഴിലാളികൾക്കുമാത്രം ബാധകമാകുന്നതാണ്. അത്തരം നിയമങ്ങളെല്ലാം ദുർബലമാക്കി. ഫാക്ടറികൾ അടച്ചുപൂട്ടാനും തൊഴിലാളികളെ പിരിച്ചുവിടാനും ഉടമകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു കോഡുകൾ. സ്ഥിരം ജോലിക്ക് ബദലായി ""നിശ്ചിതകാല തൊഴിൽ'' എന്ന സമ്പ്രദായം നടപ്പാക്കാൻ അവസരം നൽകി. എല്ലാവർക്കും മിനിമം കൂലി നടപ്പാക്കുന്നതിനുപകരം, ""നാഷണൽ ഫ്ളോർ വേജസ്'' എന്ന പുതിയ തത്വമാണ് കോഡിൽ പറയുന്നത്. ഇതനുസരിച്ച് ദിവസവേതനം 202 രൂപയാണ്. ദിവസവേതനം 700 രൂപയായിരിക്കണമെന്ന ""ഇന്ത്യൻ ലേബർ കോൺഫറൻസി''ന്റെ നിർദേശം അംഗീകരിച്ചില്ല.

പുതിയ കോഡിലെ വ്യവസ്ഥയനുസരിച്ച് നിയമാനുസൃത പണിമുടക്ക് നടത്താൻ പറ്റില്ല. നടത്തിയാൽ, പണിമുടക്കിയ ഒരു ദിവസത്തിന് എട്ട്‌ ദിവസത്തെ വേതനംവീതം പിടിച്ചുവയ്‌ക്കാം. തൊഴിലുടമകൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയുണ്ടാകില്ല. ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള പ്രക്രിയ സങ്കീർണമാക്കി. സംഘടന രൂപീകരിക്കാനും കൂട്ടായ വിലപേശൽ നടത്താനും കഴിയാത്ത സാഹചര്യമാണ് നിലവിൽ വന്നത്.

നീങ്ങുന്നത്‌ കടുത്ത സാമ്പത്തികത്തകർച്ചയിലേക്ക്‌

കാർഷികമേഖലയെ കോർപറേറ്റുകൾക്ക് അടിയറ വയ്‌ക്കുന്ന നിയമങ്ങളാണ് പാർലമെന്റ് ചട്ടവിരുദ്ധമായി പാസാക്കിയത്. ചുരുങ്ങിയ താങ്ങുവില, സംഭരണം എന്നിവയെക്കുറിച്ച് നിയമത്തിൽ പറയുന്നില്ല. സംഭരണത്തിൽനിന്ന് സർക്കാർ പിൻമാറിയാൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാകും. കേരളംപോലുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണം അവതാളത്തിലാകും.
രാജ്യം കടുത്ത സാമ്പത്തികത്തകർച്ചയിലാണ്. വ്യവസായവളർച്ച നിരക്ക് ഇടിഞ്ഞു. മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം 2016 മുതൽ ജിഡിപി വളർച്ച താഴാൻ തുടങ്ങി. തൊഴിലില്ലായ്മ രൂക്ഷമായി, നോട്ട് നിരോധനം, ജിഎസ്ടി എന്നിവ സ്ഥിതി കൂടുതൽ വഷളാക്കി. കോവിഡ് വന്നതിനുശേഷം സാമ്പത്തികവളർച്ച പിന്നെയും ഇടിഞ്ഞു. 2020–-21 വർഷത്തെ ആദ്യപാദം (2020 ഏപ്രിൽ–- ജൂൺ) ജിഡിപി വളർച്ച 23.9 ശതമാനം. ഇടിഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട കോടിക്കണക്കിന് തൊഴിലാളികൾക്ക് ഒരു ആശ്വാസവും കേന്ദ്ര സർക്കാർ നൽകിയില്ല.

സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും തൊഴിലെടുക്കുന്ന മഹാഭൂരിപക്ഷം തൊഴിലാളികൾക്കും ഒരുവിധ സാമൂഹ്യസുരക്ഷാ പദ്ധതിയും നടപ്പാക്കിയിട്ടില്ല. കേരളത്തിൽ മാത്രമാണ് മിനിമം കൂലി പുതുക്കലും ക്ഷേമ–- പെൻഷൻ പദ്ധതികളും നിലവിലുള്ളത്. ഇഎസ്ഐ, പിഎഫ്, ബോണസ്, ഗ്രാറ്റുവിറ്റി, പെൻഷൻ ഇവയൊന്നും അസംഘടിത–- പരമ്പരാഗത–- സ്വയം തൊഴിൽ–- തൊഴിലാളികൾക്കില്ല. പുതിയ ലേബർ കോഡുകളിലും ഒരു ആശ്വാസവാക്കുപോലുമില്ല. 16 കോടിയോളം വരുന്ന കുടിയേറ്റത്തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്.

ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി തകർത്താണ് കോൺഗ്രസ് സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയിൽ അംഗങ്ങളായവർക്ക് തുച്ഛമായ പെൻഷൻ മാത്രമാണ് ലഭിക്കുന്നത്. 1995ൽ നടപ്പാക്കിയ പിഎഫ് പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്കും തുച്ഛമായ പെൻഷൻ മാത്രമാണ് ലഭിക്കുന്നത്. തൊഴിലെടുത്ത് സമ്പത്തുൽപ്പാദിപ്പിക്കുന്ന തൊഴിലാളികൾക്ക് എല്ലാ വിഭാഗത്തിനും ന്യായമായ പെൻഷൻ ലഭിക്കണമെന്നാണ് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.

മേൽപറഞ്ഞ വിവിധ പ്രശ്നങ്ങൾ ഉയർത്തി തൊഴിലാളികളും കർഷകരും പ്രക്ഷോഭം നടത്തിവരികയാണ്. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് തകർക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമം. എന്നാൽ, അത്തരം കുതന്ത്രങ്ങളിൽ വഞ്ചിതരാകാതെ, രാജ്യമാസകലം തൊഴിലാളികൾ കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സമരരംഗത്തിറങ്ങുകയാണ്. വ്യാഴാഴ്‌ച രാജ്യം നിശ്ചലമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top